മുംബൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. അഡ്‌ലെ‌യ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് വിദേശത്തെ ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കൂടിയാണ്. ആദ്യ ടെസ്റ്റില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കണോ അതോ നാല് പേസര്‍മാരെ ഇറക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ ഇപ്പോഴും. ഇതിനിടെ ആദ്യ ടെസ്റ്റില്‍ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഇടമുണ്ടാകില്ലെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിംഗ്.

കഴിഞ്ഞ പരമ്പരയില്‍ സിഡ്നി ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് തിളങ്ങിയിരുന്നു. വിദേശത്ത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ കുല്‍ദീപ് ആയിരിക്കുമെന്ന് പരിശീലകന്‍ രവി ശാസ്ത്രി അന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് നിറം മങ്ങിയ കുല്‍ദീപിന് ഇത്തവണ ഐപിഎല്ലിലും കാര്യമായി തിളങ്ങാനായിരുന്നില്ല.

2019ലെ ഏകദിന ലോകകപ്പിന് ശേഷം കാര്യമായ മത്സരങ്ങളൊന്നും കളിക്കാത്ത കുല്‍ദീപിന് ആത്മവിശ്വാസക്കുറവുണ്ടാകാമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. എന്തായാലും കുല്‍ദീപിന്‍റെ  നിലവിലെ ഫോം കണക്കിലെടുത്താല്‍ അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കുല്ഡദീപിനെ ഇന്ത്യ ടീമിലെടുക്കുമെന്ന് കരുതാനാവില്ല.

വിദേശ പിച്ചുകളില്‍ കുല്‍ദീപാവും ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറെന്ന പ്രസ്താവനയില്‍ രവി ശാസ്ത്രി ഉറച്ചു നില്‍ക്കുമോ എന്ന് കണ്ടറിയണമെന്നും ഹര്‍ഭജന്‍ പറഞ്ഞു. ആദ്യ ടെസ്റ്റില്‍ കുല്‍ദീപിന് പകരം രവീന്ദ്ര ജഡേജയെയോ രവി അശ്വിനെയോ ആകും ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുകയെന്നും ഹര്‍ഭജന്‍ പറഞ്ഞു.