സഞ്ജു സാംസണ്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യണം എന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി

ദില്ലി: വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലുണ്ടാകുമോ എന്ന ആകാംക്ഷ സജീവമാണ്. ഇന്ത്യന്‍ ഇതിഹാസ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് പറയുന്നത് സഞ്ജു സ്ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ മറികടന്ന് ഇലവനില്‍ ഉറപ്പായും എത്തണമെന്നാണ്. സഞ്ജു അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യണം എന്നും അദേഹം സ്റ്റാര്‍ സ്പോര്‍ട്‌സിലെ ഷോയില്‍ പറഞ്ഞു. 

ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനെ ഹര്‍ഭജന്‍ സിംഗ് തെരഞ്ഞെടുത്തപ്പോള്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും യുവതാരം യശസ്വി ജയ്‌സ്വാളുമാണ് ഹര്‍ഭജന്‍ തെരഞ്ഞെടുത്ത ഇലവന്‍റെ ഓപ്പണര്‍മാര്‍. റണ്‍മെഷീന്‍ വിരാട് കോലി മൂന്നാമതും നമ്പര്‍ 1 ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് നാലാമതും ബാറ്റിംഗിന് ഇറങ്ങണം. അഞ്ചാമനായി സഞ്ജു ക്രീസിലെത്തണം എന്നാണ് ഭാജി പറയുന്നത്. സഞ്ജു മികച്ച ഫോമിലാണ് എന്നതാണ് ഇതിന് കാരണം എന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. 

Read more: സഞ്ജു സാംസണ്‍ ഇറങ്ങും? ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരം ഇന്ന്, സമയവും കാണാനുള്ള വഴികളും

ഫോമിലല്ലാത്ത ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് ആറാം നമ്പറിലേക്ക് ഹര്‍ഭജന്‍ സിംഗ് പരിഗണിച്ചത്. മറ്റൊരു ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ സ്പെഷ്യലിസ്റ്റ് സ്‌പിന്നറായി കുല്‍ദീപ് യാദവിനെ മറികടന്ന് യൂസ്‌വേന്ദ്ര ചഹലിനെ ഇലവനില്‍ ഹര്‍ഭജന്‍ ഉള്‍പ്പെടുത്തി. അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവരാണ് പേസ് മെഷീന്‍ ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ഹര്‍ഭജന്‍ സിംഗ് തെരഞ്ഞെടുത്ത പ്ലേയിംഗ് ഇലവനില്‍ പേസര്‍മാരായി ഇടംപിടിച്ചത്. കുല്‍ദീപിനും റിഷഭിനും പുറമെ ശിവം ദുബെയും അക്സര്‍ പട്ടേലുമാണ് ഭാജിയുടെ ഇലവനില്‍ ഇടംപിടിക്കാതെ പോയ സ്ക്വാഡിലുള്ള മറ്റ് താരങ്ങള്‍. 

Read more: 'ഇന്ത്യന്‍ കോച്ചായി ഗൗതം ഗംഭീര്‍ വരട്ടെ, കാര്യമുണ്ട്'; കട്ട സപ്പോര്‍ട്ടുമായി ദിനേഷ് കാർത്തിക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം