ലക്നോ: ഷാർജയിലെ മരുക്കാറ്റിനെയും ഓസ്ട്രേലിയയുടെ ബൗളിംഗിനെയും എതിരിട്ട് സച്ചിൻ ടെൻഡുൽക്കർ നേടിയ ‘ഡെസർട്ട് സ്റ്റോം’ സെഞ്ചുറി കാണാനായി സ്കൂളില്‍ നിന്ന് ക്ലാസ് കട്ട് ചെയ്തുവന്നുവെന്ന് ഇന്ത്യന്‍ താരം സുരേഷ് റെയ്ന. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് സച്ചിന്റെ ഇന്നിംഗ്സ് കാണാനായി താന്‍ അവസാന രണ്ട് പീരിയഡ് ക്ലാസ് കട്ട് ചെയ്തതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ റെയ്ന വ്യക്തമാക്കിയിരുന്നു.

സച്ചിന്റെയും ദ്രാവിഡിന്റെയും ബാറ്റിംഗ് മാത്രമായിരുന്നു അന്നൊക്കെ തങ്ങള്‍ കണ്ടിരുന്നതെന്നും സച്ചിന്‍ പുറത്തായാല്‍ അപ്പോള്‍ ടിവിയുടെ മുമ്പില്‍ നിന്ന് എഴുന്നേറ്റ് പോവുമായിരുന്നുവെന്നും റെയ്ന പറഞ്ഞ‌ിരുന്നു. എന്നാല്‍ റെയ്ന പറഞ്ഞത് കള്ളമാണെന്ന് സമര്‍ത്ഥിച്ച് സഹതാരമായിരുന്ന ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തി.

ഷാര്‍ജയിലെ മത്സരം തുടങ്ങിയത് വൈകിട്ട് നാലു മണിക്കാണെന്നും പിന്നെ എങ്ങനെയാണ് റെയ്ന ക്ലാസ് കട്ട് ചെയ്ത് സച്ചിന്റെ കളി കാണാന്‍ പോയതെന്നുമാണ് ഹര്‍ഭജന്റെ ന്യാമയായ ചോദ്യം. രാജ്യത്തെ സ്കൂളുകളെല്ലാം രണ്ട്-മൂന്ന് മണിക്കൊക്കെ വിടുമെന്നതിനാല്‍ റെയ്ന പറഞ്ഞത് പൊരുത്തപ്പെടുന്നില്ലെന്നും ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യക്കും ഓസ്ട്രേലിയക്കും പുറമെ ന്യൂസീലൻഡ് കൂടി ഉൾപ്പെട്ട ത്രിരാഷ്ട്ര ടൂർണമെന്റിൽ ആദ്യ നാല് കളികളും ജയിച്ച് ഓസീസ് ആദ്യമേ ഫൈനൽ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസീലൻഡിനെതിരെയുള്ള ഒരു മത്സരം മാത്രമാണ് ഇന്ത്യ ജയിച്ചിരുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഓസീസിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യയ്ക്കു വേണ്ടിയിരുന്നത് വിജയം അല്ലെങ്കിൽ കിവീസിനെക്കാൾ മികച്ച റൺറേറ്റായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് മൈക്കിൾ ബെവന്റെ സെഞ്ചുറി (101 നോട്ടൗട്ട്) മികവിൽ  50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു.

മരുക്കാറ്റുമൂലം മത്സരം 25 മിനിറ്റ് തടസ്സപ്പെട്ടതോടെ ഇന്ത്യൻ വിജയലക്ഷ്യം 46 ഓവറിൽ 276 റൺസാക്കി നിശ്ചയിച്ചു. റൺനിരക്കിൽ ന്യൂസീലൻഡിനെ മറികടന്ന് ഫൈനലിലെത്താൻ വേണ്ടിയിരുന്നത് 237 റൺസും. ലക്ഷ്യം മനസ്സിലിട്ട് ബാറ്റുമായിറങ്ങിയ സച്ചിനെ മരുക്കാറ്റിനും തോൽപിക്കാനായില്ല. ഡാമിയൻ ഫ്ലെമിംഗിനെയും മൈക്കൽ കാസ്പ്രോവിച്ചിനെയും ഷെയ്ൻ വോണിനെയും നിലം തൊടാതെ പറത്തിയ സച്ചിൻ 131 പന്തിൽ നേടിയത് 143 റൺസ് (9 ഫോറും 5 സിക്സും). ഇന്ത്യയുടെ ഫൈനൽ പ്രവേശം ഉറപ്പിച്ചതിനു ശേഷമാണു സച്ചിൻ പുറത്തായത്.


മത്സരം 26 റൺസിനു തോറ്റെങ്കിലും പിറ്റേന്ന് തന്റെ 25–ാം ജന്മദിനത്തിൽ നടന്ന ഫൈനലിൽ സച്ചിൻ പകരംവീട്ടി. സ്റ്റീവ് വോയുടെയും (70) ഡാരൻ ലേമാന്റെയും (70) അർധ സെഞ്ചുറികളുടെ മികവിൽ ഓസ്ട്രേലിയ നേടിയ സ്കോർ (9ന് 272) സച്ചിന്റെ മാസ്മരിക ഇന്നിംഗ്സിൽ (134) ഇന്ത്യ മറികടന്നു. 248ൽ വിവാദമായ എൽബിയിലൂടെ സച്ചിൻ പുറത്തായെങ്കിലും 9 പന്ത് ബാക്കി നിൽക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ജയത്തിലെത്തി. രണ്ട് കളികളിലെയും മാൻ ഓഫ് ദ് മാച്ചും ടൂർണമെന്റിന്റെ താരവും സച്ചിനായിരുന്നു.