കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഇന്ത്യന്‍ ടീമിലെ മുന്‍ സഹതാരം ഹര്‍ഭജന്‍ സിംഗ്. പിറന്നാള്‍ ആശംസകള്‍ ഷേന്താ, നല്ലൊരു വര്‍ഷം ആശംസിക്കുന്നു എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. ശ്രീശാന്തിന്റെ 36-ാം പിറന്നാളാണിന്ന്. ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളായിരുന്ന ഹര്‍ഭജനും ശ്രീശാന്തും അടുത്ത സുഹൃത്തുക്കളുമായിരുന്നു.

എന്നാല്‍ 2008ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-കിംഗ്സ് ഇലവന്‍ പഞ്ചാബ് മത്സരശേഷം മുംബൈ താരമായിരുന്ന ഹര്‍ഭജന്‍ പരസ്യമായി ശ്രീശാന്തിന്റെ മുഖത്തടിച്ചത് വലിയ വിവാദമായിരുന്നു. മത്സരത്തിനിടെ ശ്രീശാന്ത് പ്രകോപിപ്പിച്ചതിന്റെ പേരിലായിരുന്നു ഹര്‍ഭജന്റെ കരണത്തടി. പിന്നീട് തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

ഞങ്ങള്‍ തമ്മിലൊരു തര്‍ക്കമുണ്ടായി. അതിനുശേഷമുണ്ടായ പ്രശ്നങ്ങളെല്ലാം അന്ന് രാത്രി തന്നെ പരിഹരിച്ചുവെന്നും പരസ്പരം അവഗണിക്കാറില്ലെന്നും ഹര്‍ഭജന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. 2013ലെ ഐപിഎല്ലില്‍ ഒത്തുകളി വിവാദത്തിന്റെ പേരില്‍ ആരോപണ നിഴലിലായ ശ്രീശാന്തിനെ പിന്നീട് കോടതി കുറ്റ വിമുക്തനാക്കിയെങ്കിലും ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. പിന്നീട് സുപ്രീംകോടതി ശ്രീശാന്തിന്റെ വിലക്ക് പിന്നീട് ഏഴ് വര്‍ഷമായി കുറച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ 13നാണ് ശ്രീശാന്തിന്റെ വിലക്ക് തീരുന്നത്.

ഇതിനിടെ ലോക്‌സഭാ തെര‍ഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീശാന്ത് പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു.