Asianet News MalayalamAsianet News Malayalam

സ്ത്രീ വിരുദ്ധ പരാമര്‍ശം; പാണ്ഡ്യക്കും രാഹുലിനും കനത്ത തിരിച്ചടിയായി ബിസിസിഐ തീരുമാനം

നാലാഴ്ചക്കകം പിഴ അടച്ചില്ലെങ്കില്‍ ഇരുവരുടെയും മാച്ച് ഫീയില്‍ നിന്ന് ഈ തുക ഈടാക്കാന്‍ ബിസിസിഐയോട് ഓംബുഡ്‌സ്മാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Hardik Pandya KL Rahul fined Rs 20 lakh each for Koffee with Karan row
Author
Mumbai, First Published Apr 20, 2019, 1:27 PM IST

മുംബൈ: ടെലിവിഷന്‍ ചാറ്റ് ഷോ ആയ കോഫി വിത്ത് കരണിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ കെ എല്‍ രാഹുലിനും ഹര്‍ദ്ദിക് പാണ്ഡ്യക്കും ബിസിസിഐ ഓംബുഡ്സ്മാന്‍ പിഴ ശിക്ഷ വിധിച്ചു. 20 ലക്ഷം രൂപയാണ് പിഴ.

ജോലിക്കിടെ മരിച്ച 10 അര്‍ധസൈനിക കോണ്‍സ്റ്റബിള്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ഓരോ ലക്ഷം രൂപ വീതവും കാഴ്ച പരിമിതരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാനായി ബിസിസിഐ രൂപീകരിച്ച ഫണ്ടിലേക്ക് 10 ലക്ഷം രൂപ വീതവും നാലാഴ്ചക്കകം പിഴയായി  അടക്കാനാണ് ഓംബുഡ്‌സ്മാന്റെ വിധി. നാലാഴ്ചക്കകം പിഴ അടച്ചില്ലെങ്കില്‍ ഇരുവരുടെയും മാച്ച് ഫീയില്‍ നിന്ന് ഈ തുക ഈടാക്കാന്‍ ബിസിസിഐയോട് ഓംബുഡ്‌സ്മാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് തിരിച്ചുവിളിക്കപ്പെട്ടതിലൂടെ ഇരുവര്‍ക്കും 30 ലക്ഷം രൂപ വീതം വരുമാന നഷ്ടമുണ്ടായിട്ടുള്ളതായി വിലയിരുത്തിയ ഓംബുഡ്‌സ്മാന്‍ ക്രിക്കറ്റ് താരങ്ങള്‍ രാജ്യത്തിന്  മാതൃകകളാകാണ്ടവരാണെന്നും അതിനാലാണ് പിഴ ശിക്ഷ വിധിക്കുന്നതെന്നും വ്യക്തമാക്കി. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവരും നിരുപാധികം മാപ്പു പറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ അച്ചടക്ക നടപടികളിലേക്ക് കടക്കേണ്ടെന്നും ഓംബുഡ്സ്‌മാന്‍ വ്യക്തമാക്കി.

നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍  അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാര്‍ദിക് പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.  

പരിപാടിയില്‍ ഹാര്‍ദിക്കിനൊപ്പം പങ്കെടുത്ത കെ എല്‍ രാഹുലും ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യമാണ് കെ എല്‍ രാഹുല്‍ തുറന്ന് പറഞ്ഞത്. സാമൂഹ്യമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനമാണ് താരങ്ങള്‍ക്ക് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നേരിടേണ്ടി വന്നത്. 

Follow Us:
Download App:
  • android
  • ios