മുംബൈ: ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഞായറാഴ്‌ച പ്രഖ്യാപിക്കും. കാലാവധി കഴിഞ്ഞെങ്കിലും എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീമിനെ തെരഞ്ഞെടുക്കുക. ജനുവരി 24ന് തുടങ്ങുന്ന പരമ്പരയിൽ അഞ്ച് ട്വന്റി 20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണുള്ളത്. മാർച്ച് നാലിനാണ് പരമ്പര അവസാനിക്കുക.

പരിക്കിൽ നിന്ന് മോചിതനായ ഹർദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ഇതോടെ ഓള്‍റൗണ്ടര്‍ ശിവം ദുബേയ്‌ക്ക് ടീമിലെ സ്ഥാനം നഷ്‌ടമാവും. ന്യൂസിലൻഡ് പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിലും പാണ്ഡ്യയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഇന്ത്യ എയുടെ പരിശീലന മത്സരം പാണ്ഡ്യയുടെ ഫിറ്റ്‌നസിന്‍റെ വിലയിരുത്തലാകും. 

ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ പകുതിയോടെ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്ന് പാണ്ഡ്യ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. പിന്നാലെ, ജിമ്മില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങളും താരം പങ്കുവെച്ചു. ഈ വര്‍ഷം ടി20 ലോകകപ്പ് നടത്താനിരിക്കേ പാണ്ഡ്യക്ക് നിര്‍ണായകമാകും ന്യൂസിലന്‍ഡ് പര്യടനം.

ഒക്‌ടോബറില്‍ ലണ്ടനില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ പാണ്ഡ്യക്ക് തുടര്‍ന്നുള്ള പരമ്പരകള്‍ നഷ്‌ടമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് പാണ്ഡ‍്യ അവസാനമായി അന്താരാഷ്‌ട്ര മത്സരം കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കിടെയാണ് പാണ്ഡ്യക്ക് പരിക്കേറ്റത്. തുടര്‍ന്ന് പ്രോട്ടീസിന് എതിരായ ടെസ്റ്റുകളും ബംഗ്ലാദേശ്- ലങ്കന്‍ പരമ്പരകളും താരത്തിന് നഷ്‌ടമായിരുന്നു.