ദില്ലി: ടീം ഇന്ത്യയുടെ ഭാവി ധോണിയെ പ്രവചിച്ച് ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന. എംഎസ് ധോണിയെപ്പോലെ ടീം ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മ്മക്ക് മാത്രമാണ് കഴിയുകയെന്നാണ് തന്റെ വിശ്വാസമെന്ന് റെയ്‌ന വ്യക്തമാക്കി. ഇരുവര്‍ക്കും ഏറെ സാമ്യതകള്‍ ഉണ്ടെന്നും റെയ്‌ന നിരീക്ഷിച്ചു. ഏറെക്കാലം എംഎസ് ധോണിയുടെ വിശ്വസ്ത താരമായിരുന്ന റെയ്‌ന, നിഹാദാസ് ട്രോഫിയില്‍ രോഹിത്തിന് കീഴിലും കളിച്ചിട്ടുണ്ട്. സൂപ്പര്‍ ഓവര്‍ പോഡ്കാസ്റ്റിലായിരുന്നു റെയ്‌നയുടെ അഭിപ്രായ പ്രകടനം. 

രോഹിത് ശാന്തനാണ്. എല്ലാവരെയും കേള്‍ക്കാന്‍ അവന്‍ തയ്യാറാണ്. എല്ലാ താരങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കാനും ടീമിനെ മുന്നില്‍ നിന്ന് നയിക്കാനും രോഹിത് ഇഷ്ടപ്പെടുന്നെന്നും റെയ്‌ന പറഞ്ഞു. മുന്നില്‍ നിന്ന് നയിക്കുകയും അതേസമയം ഡ്രസിംഗ് റൂം അന്തരീക്ഷത്തെ ബഹുമാനിക്കുകയും ചെയ്യും. എല്ലാവരും ക്യാപ്റ്റനാണെന്നാണ് രോഹിത് കരുതുന്നത്. യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിലും താരം മുന്നിലാണ്. നിഹാദാസ് ട്രോഫിയില്‍ ഷര്‍ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍ എന്നിവരെ പ്രചോദിപ്പിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.

മികച്ച ക്യാപ്റ്റനാണ് താനെന്ന് ഐപിഎല്ലില്‍ രോഹിത് തെളിയിച്ചിട്ടുണ്ട്. എട്ടു വര്‍ഷത്തിനുള്ളില്‍ നാല് കിരീടം. നിഹാദാസ് ട്രോഫിയില്‍ കോലി പരിക്കേറ്റ് പുറത്തായതിന് ശേഷമാണ് രോഹിത് ക്യാപ്റ്റനാകുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യ കപ്പ് നേടി. 10 ഏകദിനത്തില്‍ രോഹിത് ഇന്ത്യയെ നയിച്ചപ്പോള്‍ എട്ടിലും ജയിച്ചു. 20 ടി20യില്‍ നയിച്ചപ്പോള്‍ 16ലും വിജയിച്ചു-റെയ്‌ന പറഞ്ഞു. അദ്ദേഹത്തിന്റെ പ്രഭാവം എല്ലാവരും ആസ്വദിക്കുന്നു. ഒരാളുടെ പ്രഭാവം നമ്മള്‍ ആസ്വദിക്കുമ്പോള്‍ നമ്മള്‍ പോസിറ്റീവാകുകയും കഴിവിന്റെ പരമാവധി മികവ് പുറത്തെടുക്കുകയും ചെയ്യുമെന്നും റെയ്‌ന പറഞ്ഞു.