ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയത്. ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് നേടിയെങ്കിലും ന്യൂസിലന്‍ഡ് അനായാസം മറികടന്നു. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥമിന്റെ ഇന്നിങ്‌സാണ് കളി മാറ്റിയതെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അഭിപ്രായപ്പെട്ടത്. എന്നാല്‍ അതുമാത്രമാണോ കാരണമെന്ന് ഇന്ത്യ വിട്ടുനല്‍കിയ എക്‌സ്ട്രാ റണ്‍സ് പരിശോധിച്ചാല്‍ മനസിലാവും.

29 റണ്‍സാണ് ഇന്ത്യ എക്‌സ്ട്രായിനത്തില്‍ വിട്ടുനല്‍കിയത്. ഇതില്‍ 24 റണ്‍സും വിട്ടുനല്‍കിയത് വൈഡ് എറഞ്ഞതിലൂടെയായിരുന്നു. തോല്‍വിയില്‍ ഒരു പ്രധാന പങ്ക് ഈ റണ്‍സുകള്‍ക്ക് ഉണ്ടായിരുന്നുവെന്നുള്ളത് വ്യക്തമാണ്. ഇന്ത്യ ഇതില്‍ കൂടുതല്‍ വൈഡുകള്‍ നല്‍കിയ നാല് മത്സരങ്ങളാണ് മുമ്പ് ഉണ്ടായിട്ടുള്ളത്. 1999ല്‍ കെനിയക്കെതിരെ ബ്രിസ്റ്റളിലായിരുന്നു ആദ്യത്തേത്.

അന്ന് 31 വൈഡുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിയത്. 2004ല്‍ ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നടന്ന മറ്റൊരു മത്സരത്തില്‍ 28 വൈഡ് റണ്‍സുകള്‍ നല്‍കി. 2007ല്‍ മുബൈയില്‍ ഓസ്‌ട്രേലിയക്കെതിരെ വൈഡുകളിലൂടെ മാത്രം 26 റണ്‍സ് വിട്ടുകൊടുത്തു. അതേ വര്‍ഷം ചെന്നൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരവും വ്യത്യസ്തമല്ലായിരുന്നു. അന്ന് 25 റണ്‍സാണ് ഇന്ത്യ നല്‍കിയത്. ഇന്ന് ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ 24 റണ്‍സും.