ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഡൽഹി ക്യാപിറ്റൽസിനെതിരെ സഞ്ജു സാംസൺ തകർപ്പൻ സെഞ്ചുറി നേടി. ഈ നേട്ടത്തോടെ, മൂന്ന് വ്യത്യസ്ത ഐപിഎൽ ടീമുകൾക്കായി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന ചരിത്രനേട്ടം കെ.എൽ രാഹുലിനൊപ്പം സഞ്ജു സ്വന്തമാക്കി. 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു സഞ്ജു സാംസണ്‍. ചെന്നൈ, ചെപ്പോക്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു 56 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് അടിച്ചെടുത്തത്. ഇതോടെ ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കായി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം എന്ന ചരിത്രനേട്ടം സഞ്ജു സ്വന്തമാക്കി. നേരത്തെ കെ.എല്‍ രാഹുല്‍ (പഞ്ചാബ് കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കായി) ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോഴത്തെ ഡല്‍ഹി ക്യാപിറ്റല്‍സ്), രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ചെന്നൈക്കായും സഞ്ജു മൂന്നക്കം കടന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകളുടെ പട്ടികയിലും സഞ്ജുവും ഇടംപിടിച്ചു. 127 റണ്‍സ് നേടിയ മുരളി വിജയാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. 2010ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുരളി വിജയ് ഇത്രയും റണ്‍സ് നേടിയത്. ഷെയ്ന്‍ വാട്‌സണ്‍ (117*) രണ്ടാമത്. 2018ല്‍ മുംബൈയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആയിരുന്നു ഈ ഇന്നിംഗ്‌സ്. 2008ല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ പുറത്താവാതെ 116 റണ്‍സ് നേടിയ മൈക്കല്‍ ഹസ്സി മൂന്നാമത്. പിന്നില്‍ സഞ്ജു.

തന്റെ ഇന്നിംഗ്‌സിന് ശേഷം രവി ശാസ്ത്രിയുമായി സംസാരിക്കവെ, പരാജയങ്ങള്‍ ബാധിച്ച രീതിയെക്കുറിച്ചും തന്റെ തിരിച്ചുവരവിനെക്കുറിച്ചും സഞ്ജു മനസ്സ് തുറന്നു. തന്റെ ഭാഗ്യവ്യക്തിയാണ് രവി ശാസ്ത്രിയെന്ന് തമാശരൂപേണ പറഞ്ഞു തുടങ്ങിയ സഞ്ജു, കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ പരാജയങ്ങള്‍ തന്നെ എങ്ങനെ ബാധിച്ചുവെന്ന് വെളിപ്പെടുത്തി. ''വളരെയധികം ഫോമിലായിരിക്കുമ്പോഴും രാജ്യത്തിനായി മത്സരങ്ങള്‍ ജയിപ്പിച്ചു കൊടുത്തിട്ടുള്ളപ്പോഴും പോലും, തുടര്‍ച്ചയായ ചില പരാജയങ്ങള്‍ മനസ്സില്‍ വലിയ സംശയങ്ങള്‍ ഉണ്ടാക്കും. തുടക്കത്തില്‍ തന്നെ കൂടുതല്‍ ആക്രമിച്ചു കളിക്കണമോ അതോ ബാറ്റിംഗ് പ്ലാന്‍ മാറ്റണമോ എന്നിങ്ങനെയുള്ള ചിന്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എന്റെ അടിസ്ഥാന ശൈലിയില്‍ വിശ്വസിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. അത് ഇന്ന് മനോഹരമായി ഫലിച്ചു.'' സഞ്ജു പറഞ്ഞു.

YouTube video player