ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 210 റൺസ് വിജയലക്ഷ്യം വെച്ചു. ആയുഷ് മാത്രെയുടെ (73) അർധ സെഞ്ചുറിയും ശിവം ദുബെയുടെ (45) ഫിനിഷിംഗുമാണ് ചെന്നൈക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 

ചെന്നൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് മുന്നില്‍ 210 റണ്‍സിന്റെ വിജയലക്ഷ്യം വച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈയെ ആയുഷ് മാത്രയുടെ (43 പന്തില്‍ 73) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ശിവം ദുബെ (28 പന്തില്‍ 45), സര്‍ഫറാസ് ഖാന്‍ (12 പന്തില്‍ 32) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. സഞ്ജു സാംസണ്‍ (7) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. പഞ്ചാബിന് വേണ്ടി വിജയ്കുമാര്‍ വൈശാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഓവറില്‍ തന്നെ സഞ്ജുവിന്റെ വിക്കറ്റ് ചെന്നൈക്ക് നഷ്ടമായി. ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത സഞ്ജുവിനെ സേവ്യര്‍ ബാര്‍ട്ട്‌ലറ്റ് പുറത്താക്കി. വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിംഗിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആറ് റണ്‍സ് മാത്രമായിരുന്നു ചെന്നൈ വിക്കറ്റ് കീപ്പറുടെ സമ്പാദ്യം. തുടര്‍ന്ന് മാത്രെ - റുതുരാജ് ഗെയ്കവാദ് (22 പന്തില്‍ 28) സഖ്യം 96 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റുതുരാജിന് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സഹായിച്ചില്ല.

12-ാം ക്യാപ്്റ്റന്‍ പുറത്താവുകയും ചെയ്തു. യൂസ്‌വേന്ദ്ര ചാഹലിനായിരുന്നു വിക്കറ്റ്. വൈകാതെ മാത്രെയും മടങ്ങി. 43 പന്തുകള്‍ മാത്രം നേരിട്ട താരം അഞ്ച് സിക്‌സും ആറ് ഫോറുമാണ് നേടിയത്. തുടര്‍ന്നെത്തിയ കാര്‍ത്തിക് ശര്‍മയ്ക്ക് (1) തിളങ്ങാനായില്ല. എന്നാല്‍ സര്‍ഫറാസ് - ദുബെ സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ച ഒഴിവാക്കി. 17-ാം ഓവറിലാണ് സര്‍ഫറാസ് മടങ്ങുന്നത്. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നീട് പ്രശാന്ത് വീറിനെ കൂട്ടുപിടിച്ച് ദുബെ ചെന്നൈയുടെ സ്‌കോര്‍ 200 കടത്തുകയായിരുന്നു. ദുബെ ഒരു സിക്‌സും അഞ്ച് ഫോറുമാണ് നേടിയത്. പ്രശാന്ത് വീര്‍ (6) ദുബെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കൊനോലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, നെഹാല്‍ വധേര, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ ജാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്, മാറ്റ് ഹെന്റി, ഖലീല്‍ അഹമ്മദ്.

YouTube video player