ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് ഉപനായകന്‍ അജിന്‍ക്യ രഹാനെയുടെ ഇന്നിങ്‌സാണ്. 81 റണ്‍സ് നേടിയ രഹാനെ ഷാനോന്‍ ഗബ്രിയേലിന് വിക്കറ്റ് നല്‍കി മടങ്ങി. താരത്തിന്റെ ഒരു സെഞ്ചുറി ക്രിക്കറ്റ് ആരാധകര്‍ ആഗ്രഹിച്ചിരുന്നു. 2017ലാണ് രഹാനെ അവസാനമായി ഒരു ടെസ്റ്റ് സെഞ്ചുറി നേടിയത്. ഇത്തവണയും അദ്ദേഹം പരാജയപ്പെട്ടു.

എന്നാല്‍ സെഞ്ചുറിയെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നാണ് രഹാനെ പറയുന്നത്. ആദ്യ ദിവസത്തിന് ശേഷം സംസാരിക്കുകയായിരുന്നു രഹാനെ. അദ്ദേഹം തുടര്‍ന്നു... ''ഞാന്‍ എത്രനേരം ക്രീസില്‍ ചിലവഴിക്കുന്നുണ്ടോ അത്രയും നേരം എന്റെ ടീമിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഞാന്‍ സ്വാര്‍ത്ഥനായ ക്രിക്കറ്ററല്ല. എന്റെ സെഞ്ചുറിയെ കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇത്തരമൊരു പിച്ചില്‍ 81 റണ്‍സിന് ഏറെ പ്രാധാന്യമുണ്ട്. ടീമിനെ ഭേദപ്പെട്ട നിലയില്‍ എത്തിക്കാന്‍ ഇന്നിങ്‌സിന് സാധിച്ചു. ഞാന്‍ ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ ടീം മൂന്നിന് 25 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ടീമിന് കഴിയുന്നത് സംഭാവന ചെയ്യുകയെന്നുള്ളതായിരുന്നു ലക്ഷ്യം. സെഞ്ചുറിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. അത് സ്വഭാവികമായിട്ടും വരും. 

ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്. അതുകൊണ്ടുതന്നെ പെട്ടന്ന് പൊരുത്തപ്പെടുക ബാുദ്ധിമുട്ടായിരുന്നു. എത്രത്തോളം പന്തുകള്‍ കഴിയുമോ, അതിനാണ് ഞാന്‍ ശ്രമിച്ചത്. കെ എല്‍ രാഹുലും ഹനുമ വിഹാരിയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.'' രഹാനെ പറഞ്ഞുനിര്‍ത്തി.