സിഡ്‌നി: ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്തിനെ ട്രോളി ഐസിസി. യുവ ബാറ്റിംഗ് സെന്‍സേഷന്‍ മാര്‍നസ് ലബുഷെയ്‌നെ തനിപ്പകർപ്പായി അവതരിപ്പിച്ചാണ് ഐസിസിയുടെ ട്രോള്‍. ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയ 'ലിങ്ക്‌ഡ് ഇൻ ഫേസ്‌ബുക്ക് ഇന്‍സ്റ്റഗ്രാം ടിന്‍റര്‍' ചലഞ്ചിലാണ് ഈ മീം പ്രത്യക്ഷപ്പെട്ടത്.  

സ്‌മിത്തിന്‍റെ ചിത്രങ്ങളുടെ കൊളാഷാണ് ഐസിസി ട്വീറ്റ് ചെയ്തത്. ലിങ്ക്‌ഡ് ഇൻ, ഫേസ്‌ബുക്ക്, ട്വിറ്റര്‍ എന്നിവിടങ്ങളില്‍ സ്‌മിത്തിന്‍റെ തന്നെ ചിത്രം ചേര്‍ത്തപ്പോള്‍ ടിന്‍ററിന്‍റെ സ്ഥാനത്ത് ലബുഷെയ്‌നെയാണ് നല്‍കിയിരിക്കുന്നത്. സ്‌മിത്തിന്‍റെ 'ഡൂപ്ലിക്കേറ്റ് അക്കൗണ്ട്' എന്നാണ് ടിന്‍ററിന് പകരം എഴുതിയിരിക്കുന്നത്. ചിരി പടര്‍ത്തിയെങ്കിലും സ്‌മിത്തിന്‍റെ പിന്‍ഗാമിയായി ലബുഷെയ്‌നെ ഐസിസി ഉറപ്പിച്ചു എന്ന് പറയുകയാണ് ഇതോടെ ആരാധകര്‍.

മാര്‍നസ് ലബുഷെയ്‌ന്‍: സ്‌മിത്തിന്‍റെ പിന്‍ഗാമി

ആഷസിനിടെ സ്റ്റീവ് സ്‌മിത്തിന് പകരക്കാരനായി ടീമിലെത്തി വിസ്‌മയ ബാറ്റിംഗ് പുറത്തെടുത്ത താരമാണ് ലബുഷെയ്‌ന്‍. ഒരു വര്‍ഷം കൊണ്ട് ടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്താന്‍ താരത്തിനായി. കഴിഞ്ഞ അഞ്ച് ടെസ്റ്റുകളില്‍ 896 റണ്‍സാണ് സമ്പാദ്യം. ഐസിസിയുടെ എമേര്‍ജിംഗ് ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം അടുത്തിടെ ലബുഷെയ്‌ന് ലഭിച്ചിരുന്നു. ഐസിസി ടെസ്റ്റ് ടീം ഓഫ് ദ് ഇയറിലും താരം ഇടംപിടിച്ചു. 

2019ല്‍ ടെസ്റ്റില്‍ 64.94 ശരാശരിയില്‍ 1104 റണ്‍സ് മാര്‍നസ് അടിച്ചുകൂട്ടി. 965 റണ്‍സ് നേടിയ സ്‌മിത്തിനെ മറികടന്നാണ് നേട്ടം. മധ്യനിരയില്‍ ഓസീസിന്‍റെ വന്‍മതിലുകളായി ഇരുവരും മാറിക്കഴിഞ്ഞു. അടുത്തിടെ ഇന്ത്യക്കെതിരായ പരമ്പരയില്‍ ഏകദിന അരങ്ങേറ്റം നടത്തിയിരുന്നു ലബുഷെയ്‌ന്‍.