ദുബായ്: ഐസിസി ഏകദിന ബാറ്റ്‌സ്‌മാരുടെ റാങ്കിംഗിൽ ഒന്നും രണ്ടും സ്ഥാനം നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെയാണ് കോലിയും രോഹിത്തും ആദ്യസ്ഥാനങ്ങൾ നിലനി‍ർത്തിയത്. ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്‌ക്ക് ശേഷമാണ് പുതിയ റാങ്കിംഗ് പ്രഖ്യാപിച്ചത്. 

ഓസീസിനെതിരായ മൂന്ന് ഏകദിനത്തിൽ നിന്ന് കോലി 183ഉം രോഹിത് 171ഉം റൺസെടുത്തിരുന്നു. പുതിയ റാങ്കിംഗിൽ കോലിക്ക് 886ഉം രോഹിത്തിന് 868ഉം പോയിന്റാണുള്ളത്. രോഹിത് രണ്ടും കോലി മൂന്നും റേറ്റിംഗ് പോയിന്‍റുകളാണ് വര്‍ധിപ്പിച്ചത്. 829 പോയിന്റുള്ള പാകിസ്ഥാൻ താരം ബാബർ അസമാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരങ്ങളായ ശിഖർ ധവാൻ ഏഴ് സ്ഥാനം മെച്ചപ്പെടുത്തി പതിനഞ്ചാം റാങ്കിലും 21 സ്ഥാനം മെച്ചപ്പെടുത്തിയ കെ എൽ രാഹുൽ അൻപതാം റാങ്കിലുമെത്തി. 

ഇന്ത്യ-ഓസീസ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ്(229) നേടിയ സ്റ്റീവ് സ്‌മിത്ത് നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 23-ാമതാണ്. ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ആരോണ്‍ ഫിഞ്ച് പത്താമതും വാര്‍ണര്‍ ആറാമതുമാണ്.

ബുമ്രയ്‌ക്കും ഇളക്കമില്ല 

ബൗളർമാരിൽ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയാണ് ഒന്നാം സ്ഥാനത്ത്. മുജീബുർ റഹ്മാൻ, കാഗിസോ റബാഡ, പാറ്റ് കമ്മിൻസ് എന്നിവരാണ് രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളില്‍. ഓള്‍റൗണ്ടര്‍മാരില്‍ ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സും അഫ്‌ഗാനിസ്ഥാന്‍റെ മുഹമ്മദ് നബിയും പാകിസ്ഥാന്‍റെ ഇമാദ് വസീമും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഓള്‍റൗണ്ടര്‍മാരില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താമത് എത്താന്‍ രവീന്ദ്ര ജഡേജക്കായി. 

ടീം റാങ്കിംഗില്‍ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് തന്നെയാണ് മുന്നില്‍. ഓസീസിനെതിരെ 2-1ന് പരമ്പര നേടിയ ടീം ഇന്ത്യ രണ്ടാം സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കി. ഇംഗ്ലണ്ടിനേക്കാള്‍ നാല് റേറ്റിംഗ് പോയിന്‍റുകള്‍ മാത്രമാണ് ഇന്ത്യക്ക് കുറവുള്ളത്. ന്യൂസിലന്‍ഡാണ് മൂന്നാം സ്ഥാനത്ത്.