ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ അമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന് റിഷഭ് പന്തിന് ഐസിസിയുടെ ശിക്ഷ. 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ അംപയറുടെ തീരുമാനത്തോട് തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തിന് ഐസിസിയുടെ ശിക്ഷ. ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1, ആര്‍ട്ടിക്കിള്‍ 2.8 ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി. അച്ചടക്ക നടപടിയുടെ ഭാഗമായി പന്തിന് ഒരു ഡീമെറിറ്റ് പോയിന്റ് നല്‍കി. 24 മാസത്തിനിടെ ഇത് അദ്ദേഹത്തിന്റെ ആദ്യ കുറ്റകൃത്യമാണ്. പന്ത് കുറ്റം സമ്മതിക്കുകയും മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണ്‍ നിര്‍ദ്ദേശിച്ച ശിക്ഷ സ്വീകരിക്കുകയും ചെയ്തതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കേണ്ടി വന്നില്ല. ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായ ക്രിസ് ഗഫാനി, പോള്‍ റീഫല്‍, മൂന്നാം അമ്പയര്‍ ഷര്‍ഫുദ്ദൗള ഇബ്നെ ഷാഹിദ്, നാലാം അമ്പയര്‍ മൈക്ക് ബേണ്‍സ് എന്നിവരാണ് കുറ്റം ചുമത്തിയത്.

ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ 61-ാം ഓവറില്‍ ഹാരി ബ്രൂക്കും ബെന്‍ സ്റ്റോക്സും ക്രീസിലായിരുന്നപ്പോഴാണ് സംഭവം നടന്നത്. ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം മുഹമ്മദ് സിറാജ് ഓവറില്‍ ഹാരി ബ്രൂക്ക് ബൗണ്ടറി അടിച്ചതിന് പിന്നാലെയാണ് ഷേപ്പ് മാറിയതിനാല്‍ പന്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിഷഭ് പന്ത് അമ്പയര്‍ പോള്‍ റീഫലിനെ സമീപിച്ചത്.

പന്ത് വാങ്ങി പരിശോധിച്ച പോള്‍ റീഫല്‍ പന്ത് മാറ്റേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയതോടെ പന്ത് മാറ്റണമെന്ന് വീണ്ടും റിഷഭ് പന്ത് അമ്പയറോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതു അമ്പയര്‍ നിരസിച്ചതോടെ അമ്പയര്‍ തിരിച്ചു നല്‍കിയ പന്ത് എടുത്ത് ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞ് അമ്പയറുടെ തീരുമാനത്തിലെ അതൃപ്തി റിഷഭ് പന്ത് പരസ്യമാക്കി. പിന്നാലെ ഹെഡിങ്‌ലിയിലെ കാണികള്‍ റിഷഭ് പന്തിനെ കൂവുകയും ചെയ്തു. റിഷഭ് പന്തിന്റെ പ്രതിഷേധത്തിനുശേഷം അമ്പയര്‍മാര്‍ പിന്നീടുള്ള ഓവറുകളില്‍ തുടര്‍ച്ചയായി പന്ത് പരിശോധിച്ചിരുന്നു.

തിരിച്ചടി നേരിട്ടെങ്കിലും മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലാണ് പന്ത്. ലീഡ്‌സ് ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും താരം സെഞ്ചുറി നേടി. പന്തിന് പുറമെ കെ എല്‍ രാഹുലും രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറി സ്വന്തമാക്കി. എന്നാല്‍ ഇന്ത്യ 364ന് പുറത്താവുകയായിരുന്നു. ബ്രൈഡണ്‍ കാര്‍സെ, ജോഷ് ടംഗ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും പന്ത് സെഞ്ചുറി നേടിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ആറ് റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ 371 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടത്തിട്ടുണ്ട്. അവസാന ദിനം 350 റണ്‍സാണ് അവര്‍ക്ക് ജയിക്കാന്‍ വേണ്ടത്.

YouTube video player