ദുബായ്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ മുന്നേറി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പാക്കിസ്ഥാന്‍-ന്യൂസിലന്‍ഡ് ടി20 പരമ്പരക്ക് ശേഷം ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗില്‍ 697 റേറ്റിംഗ് പോയന്‍റുമായി കോലി ഏഴാം സ്ഥാനത്തേക്ക് കയറി. ഇന്ത്യയുടെ കെ എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്തുണ്ട്.

816 റേറ്റിംഗ് പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള രാഹുലിന് മുമ്പില്‍ രണ്ടാം സ്ഥാനത്ത് പാക് നായകന്‍ ബാബര്‍ അസമും ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് താരം ഡേവിഡ് മലനുമാണുള്ളത്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് കോലിക്ക് റാങ്കിംഗില്‍ തുണയായത്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 40ഉം മൂന്നാം മത്സരത്തില്‍ കോലി 80 ഉം റണ്‍സടിച്ചിരുന്നു.

ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ കോലിയും രാഹുലുമാണ് ഇന്ത്യന്‍ താരങ്ങളായുള്ളത്. ആദ്യ പത്തില്‍ തിരിച്ചെത്തിയതോടെ ടെസ്റ്റ്, ഏകദിന, ടി20 റാങ്കിംഗില്‍ ആദ്യ പത്തിലെത്താനും കോലിക്കായി. ഏകദിനത്തില്‍ ഒന്നാമതും ടെസ്റ്റില്‍ രണ്ടാമതുമാണ് കോലി.

ന്യൂസിലന്‍ഡിന്‍റെ ടിം സീഫര്‍ട്ട് 24 സ്ഥാനങ്ങള്‍ കയറി ബാറ്റിംഗ് റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തെത്തിയപ്പോള്‍ ബൗളിംഗില്‍ ടിം സൗത്തി ഏഴാം സ്ഥാനത്തേക്ക് കയറി. ടീം റാങ്കിംഗില്‍ ഇംഗ്ലണ്ട്(275) ഒന്നാമതും ഓസ്ട്രേലിയ(272) രണ്ടാമതും ഇന്ത്യ(268) മൂന്നാമതുമാണ്.