ദുബായ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ പ്രകടനത്തിന്റെ കരുത്തില്‍ കെ എല്‍ രാഹുല്‍ ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ 56 റണ്‍സ് ശരാശരിയില്‍ 224 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. അതേസമയം, ന്യൂസിലന്‍ഡിനെതിരെ കാര്യമായി ശോഭിക്കാതിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി റാങ്കിംഗില്‍ പത്താം സ്ഥാനത്തേക്ക് വീണു. ന്യൂസിലന്‍ഡിനെതിരായ നാലു മത്സരങ്ങളില്‍ 105 റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം.

കോലിയെ പത്താം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കോലി പത്താം സ്ഥാനത്തായതോടെ രോഹിത് ശര്‍മ പതിനൊന്നാം സ്ഥാനത്തേക്കിറങ്ങി. പാക്കിസ്ഥാന്റെ ബാബര്‍ അസം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് മൂന്നാമതും ന്യൂസിലന്‍ഡ് താരം കോളിന്‍ മണ്‍റോ നാലാം സ്ഥാനത്തുമുണ്ട്.

ഗ്ലെന്‍ മാക്സ്‌വെല്‍, ഡേവിഡ് മലന്‍, എവിന്‍ ലൂയിസ്, ഹസ്രത്തുള്ള എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍. ബൗളിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. ജസ്പ്രീത് ബുമ്ര പന്ത്രണ്ടാം സ്ഥാനത്താണ്. വാഷിംഗ്ടണ്‍ സുന്ദര്‍ ഇരുപതാം സ്ഥാനത്തുണ്ട്. ടീം റാങ്കിംഗില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പാക്കിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.