പോര്‍ട്ട് എലിസബത്ത്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ജയിച്ചതോടെയാണ് പാകിസ്ഥാനെ മറികടന്ന് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത് എത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 360 പോയിന്റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 296 പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുണ്ട്. 

മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഇംഗ്ലണ്ടിന് 86 പോയിന്റ് മാത്രമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയെക്കാൾ 210 പോയിന്റ് പിറകിലാണ് ഇംഗ്ലണ്ട്. 80 പോയിന്റുള്ള പാകിസ്ഥാൻ നാലാം സ്ഥാനത്താണ്. ഇന്ത്യയും ഓസ്‌ട്രേലിയയും മൂന്ന് പരമ്പരകൾ വീതം പൂർത്തിയാക്കിയപ്പോൾ ഇംഗ്ലണ്ട് കളിക്കുന്നത് രണ്ടാമത്തെ പരമ്പരയാണ്.

പോര്‍ട്ട് എലിസബത്ത് ടെസ്റ്റില്‍ ഇന്നിംഗ്സിനും 53 റണ്‍സിനുമാണ് ഇംഗ്ലണ്ട് വിജയിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട് 499/9, ദക്ഷിണാഫ്രിക്ക 209 & 237. ആദ്യ ഇന്നിം‌ഗ്സില്‍ സെഞ്ചുറി നേടി ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച ഒല്ലി പോപ്പാണ് മാന്‍ ഓഫ് ദ മാച്ച്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. ഈ മാസം 24ന് ജൊഹന്നസ്‌ബര്‍ഗിലെ വാണ്‍ഡറേഴ്‌സ് സ്റ്റേഡിയത്തിലാണ് അവസാന ടെസ്റ്റ്. 

Read more: ദക്ഷിണാഫ്രിക്കയ്‌ക്ക് ഇന്നിംഗ്‌സ് തോല്‍വി; പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നില്‍