ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പാക് ബാറ്റ്സ്മാന്‍ ബാബര്‍ അസമിന് നേട്ടം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഭേദപ്പെട്ട പ്രകടനത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അസം ടെസ്റ്റ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ ഐസിസി ടെസ്റ്റ്, ടി20, ഏകദിന റാങ്കഗിംഗുകളില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ച ഏക ബാറ്റ്സ്മാനെന്ന നേട്ടവും അസമിന് സ്വന്തമായി. ടി20 റാങ്കിംഗില്‍ ഒന്നാമതും ഏകദിന റാങ്കിംഗില്‍ മൂന്നാമതുമാണ് അസം.

അതേസമയം, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ടെസ്റ്റ് മത്സരങ്ങളൊന്നും കളിക്കാതിരുന്ന ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ബൗളിംഗ് റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ജെയിംസ് ആന്‍ഡേഴ്സണ്‍ പതിനാലാം സ്ഥാനത്തെത്തി.

ബാറ്റിംഗ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബെന്‍ സ്റ്റോക്സ് ഏഴാം സ്ഥാനത്തേക്ക് വീണപ്പോള്‍ സ്റ്റീവ് സ്മിത്ത് ഒന്നാമതും വിരാട് കോലി രണ്ടാം സ്ഥാനത്തും തുടരുന്നു. ഓസീസിന്റെ മാര്‍നസ് ലാബുഷെയ്ന്‍ ആണ് മൂന്നാം സ്ഥാനത്ത്. കെയ്ന്‍ വില്യംസണ്‍ നാലാം സ്ഥാനത്തുണ്ട്. ഡേവിഡ് വാര്‍ണര്‍ ആറാം സ്ഥാനത്ത് തുടരുമ്പോള്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര എട്ടാം സ്ഥാനത്താണ്. ജോ റൂട്ട് ഒമ്പതാമതും അജിങ്ക്യാ രഹാനെ പത്താം സ്ഥാനത്തുമുണ്ട്.

ബൗളര്‍മാരില്‍ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്നര്‍ ഒരു സ്ഥാനം താഴേക്കിറങ്ങി മൂന്നാം സ്ഥാനത്തായി. ന്യൂസിലന്‍ഡിന്റെ ടിം സൗത്തിയാണ് നാലാമത്. വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ അഞ്ചാമതും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ ആറാമതുമുള്ള റാങ്കിംഗില്‍ ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ഏഴാം സ്ഥാനത്ത്. പാക്കിസ്ഥാന്റെ മുഹമ്മദ് അബ്ബാസ് എട്ടാം സ്ഥാനത്തെത്തിയപ്പോള്‍ കിവീസിന്റെ ട്രെന്റ് ബോള്‍ട്ട് പത്താമതാണ്.