ദുബായ്: ഐസിസിയുടെ 2019ലെ ടെസ്റ്റ് ഇലവനില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രം. ക്യാപ്റ്റന്‍ വിരാട് കോലിയും ഓപ്പണര്‍ മായങ്ക് അഗര്‍വാളുമാണ് ടെസ്റ്റ് ടീം ഓഫ് ദ് ഇയറില്‍ ഇടംപിടിച്ചത്. ടീമിന്‍റെ നായകനും വിരാട് കോലിയാണ്. ഓസ്‌ട്രേലിയയില്‍ നിന്ന് അഞ്ച് താരങ്ങളും ന്യൂസിലന്‍ഡില്‍ നിന്ന് മൂന്ന് പേരും ഒരു ഇംഗ്ലീഷ് താരവും ടീമില്‍ ഇടംപിടിച്ചു. 

മായങ്ക് അഗര്‍വാളും ന്യൂസിലന്‍ഡിന്‍റെ ടോം ലാഥവുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. കണ്‍കഷന്‍ സബ്‌സ്റ്റിട്യൂട്ടായി ടീമിലെത്തി വിസ്‌മയ റണ്‍കൊയ്‌ത്ത് നടത്തിയ ഓസീസ് താരം മാര്‍നസ് ലബുഷെയ്‌നാണ് മൂന്നാമന്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാലാം നമ്പറിലെത്തുമ്പോള്‍ പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ആഷസില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ സ്റ്റീവ് സ്‌മിത്താണ് ഇലവനിലുള്ള മറ്റൊരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാന്‍. 

ആഷസില്‍ 'മിറാക്കിള്‍ ഓഫ് ലീഡ്‌സ്' ഇന്നിംഗ്‌സുമായി കത്തിപ്പടര്‍ന്ന ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സാണ് ടീമിലെ ഏക ഇംഗ്ലീഷ് താരം. ഇരട്ട സെഞ്ചുറിയുള്‍പ്പെടെ പേരിലാക്കിയ കിവീസിന്‍റെ ബിജെ വാട്‌ലിങാണ് വിക്കറ്റ് കീപ്പര്‍. ബൗളര്‍മാരുടെ തട്ടകം ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും പങ്കിട്ടെടുത്തു. കഴിഞ്ഞ വര്‍ഷം ടെസ്റ്റിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നീല്‍ വാഗ്‌നര്‍ എന്നിവരാണ് ഇലവനിലെ പേസര്‍മാര്‍. ഓസ്‌ട്രേലിയയുടെ നാഥന്‍ ലയണ്‍ ആണ് ഏക സ്‌പിന്നര്‍.