ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ടീം ഇന്ത്യയെ 9 വിക്കറ്റിന് ഇന്‍ഡോറില്‍ പരാജയപ്പെടുത്തുകയായിരുന്നു ഓസീസ്

അഹമ്മദാബാദ്: ബോർഡർ-ഗാവസ്‍കർ ട്രോഫിയില്‍ അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ടീമിന്‍റെ ബാറ്റിംഗും ബൗളിംഗും മെച്ചപ്പെടാനുണ്ട് എന്ന് രാഹുല്‍ പറഞ്ഞു. ഇന്‍ഡോർ ടെസ്റ്റിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെയാണ് ഇന്ത്യന്‍ പരിശീലകന്‍റെ വാക്കുകള്‍. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ടീം ഇന്ത്യയെ 9 വിക്കറ്റിന് ഇന്‍ഡോറില്‍ പരാജയപ്പെടുത്തുകയായിരുന്നു ഓസീസ്.

'നമ്മള്‍ ബാറ്റിംഗ്, ബൗളിംഗ് വിഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്‍ഡോർ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിലെ 109 റണ്‍സ് പോരാ. നമ്മള്‍ 60-70 റണ്‍സ് കൂടുതല്‍ നേടിയിരുന്നെങ്കില്‍ അത് ടീമിന് ഗുണകരമാകുമായിരുന്നു. ഇന്‍ഡോറിലെ സാഹചര്യങ്ങളില്‍ കുറച്ച് എക്സ്‍ട്രാ റണ്‍സും ഓസീസിന് വിട്ടുകൊടുത്തു. അതിനാല്‍ ബാറ്റിംഗിലും ബൗളിംഗിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ച പ്രകടനങ്ങള്‍ മത്സരഫലം മാറ്റിമറിക്കും. നാഗ്പൂരിലെ രോഹിത് ശർമ്മയുടെ സെഞ്ചുറി നമ്മള്‍ കണ്ടതാണ്. ഇപ്പോഴത്തെ ക്രിക്കറ്റ് ആവശ്യപ്പെടുന്നത് എന്താണെന്നും വെല്ലുവിളികളേക്കുറിച്ചും താരങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ടാവണം' എന്നും രാഹുല്‍ ദ്രാവിഡ് കൂട്ടിച്ചേർത്തു. 

ബോർഡർ-ഗാവസ്കർ ട്രോഫിയില്‍ നിലവില്‍ 2-1ന് മുന്നില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ. അഹമ്മദാബാദില്‍ നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റ് പരമ്പര വിജയികളെ തീരുമാനിക്കും. നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 132 റണ്‍സിനും ദില്ലിയിലെ രണ്ടാം ടെസ്റ്റ് ആറ് വിക്കറ്റിനും ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്‍ഡോറില്‍ 9 വിക്കറ്റ് ജയം ഓസീസ് കരസ്ഥമാക്കി. ഇന്‍ഡോറില്‍ ടീമിനെ ജയത്തിലേക്ക് നയിച്ച സ്റ്റീവ് സ്മിത്ത് തന്നെയാണ് അഹമ്മദാബാദിലും സന്ദർശകരെ നയിക്കുക. അഹമ്മദാബാദ് ടെസ്റ്റില്‍ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിക്കാം. ഇന്‍ഡോർ ടെസ്റ്റ് ജയത്തോടെ ഓസീസ് ഫൈനലില്‍ പ്രവേശിച്ചിരുന്നു.

അഹമ്മദാബാദിലേത് സ്റ്റീവ് സ്‍മിത്തിന്‍റെ ഇന്ത്യയിലെ അവസാന ടെസ്റ്റ് മത്സരം?