അഹമ്മദാബാദ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിലും ഇത്തരത്തിലായിരുന്നു ജഡ്ഡുവിന്‍റെ പുറത്താക്കല്‍. ഇതോടെയൊരു നാണക്കേട് സ്മിത്തിന്‍റെ പേരിലായി
അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറെക്കാലം ഒന്നാം നമ്പർ ബാറ്റർ പദവി അലങ്കരിച്ച താരമാണ് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. നിലവില്‍ രണ്ടാം നമ്പർ ബാറ്ററാണ് അദേഹം. ഇത്തവണത്തെ ബോർഡർ-ഗാവസ്കർ ട്രോഫിയില്‍ മൂന്ന് തവണയാണ് ഇന്ത്യന്‍ സ്റ്റാർ സ്പിന്നർ രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ച് സ്മിത്ത് മടങ്ങിയത്. അഹമ്മദാബാദ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിലും ഇത്തരത്തിലായിരുന്നു ജഡ്ഡുവിന്‍റെ പുറത്താക്കല്‍. ഇതോടെയൊരു നാണക്കേട് സ്മിത്തിന്‍റെ പേരിലായി.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ജഡേജ പുറത്താക്കിയ താരങ്ങളില്‍ രണ്ടാമതെത്തി സ്റ്റീവ് സ്മിത്ത്. ടെസ്റ്റില്‍ രവീന്ദ്ര ജഡേജ ഇത് ഏഴാം തവണയാണ് സ്റ്റീവ് സ്മിത്തിനെ പുറത്താക്കുന്നത്. എട്ട് തവണ ശ്രീലങ്കയുടെ ഏഞ്ചലോ മാത്യൂസിനെ മടക്കിയത് മാത്രമാണ് പട്ടികയില്‍ മുന്നില്‍. സ്മിത്തിന് പുറമെ ഇംഗ്ലീഷ് താരങ്ങളായ മൊയീന്‍ അലി, അലിസ്റ്റർ കുക്ക് എന്നിവരെയും ഓസീസിന്‍റെ തന്നെ പാറ്റ് കമ്മിന്‍സിനേയും ജഡേജ ഏഴ് തവണ ടെസ്റ്റില്‍ മടക്കിയിട്ടുണ്ട്. അഹമ്മദാബാദിലെ രണ്ടാം ഇന്നിംഗ്സിലും സ്മിത്തിനെ മടക്കിയാല്‍ ജഡേജയ്ക്കത് വലിയൊരു നേട്ടമാകും.
അഹമ്മദാബാദില്‍ ഉസ്മാന്‍ ഖവാജയ്ക്കൊപ്പം കൂട്ടുകെട്ടിന് ശ്രമിക്കവേയാണ് സ്മിത്തിനെ ജഡേജ പുറത്താക്കിയത്. ആദ്യ ദിനം ചായക്ക് പിരിയും വരെ ഇരുവരും സുരക്ഷിതരായിരുന്നു. എന്നാല്‍ ചായ കുടിച്ചെത്തിയ ഉടന്‍ ജഡേജയുടെ പന്തില്‍ ഇന്‍സൈഡ് എഡ്ജായി സ്റ്റീവ് ബൗള്‍ഡായി. 135 പന്ത് പ്രതിരോധിച്ച ശേഷം 38 റണ്‍സുമായാണ് സ്മിത്ത് മടങ്ങിയത്. അപ്രതീക്ഷിതമായി വിക്കറ്റ് വീണതിന്‍റെ എല്ലാ ആഘാതവും നിരാശയും പ്രകടിപ്പിച്ചാണ് സ്മിത്ത് മടങ്ങിയത്. പരമ്പരയിലെ അവസാന ടെസ്റ്റാണിത് എന്നിരിക്കേ ഇതുവരെ ഫോമിലെത്താന്‍ സ്മിത്തിനായിട്ടില്ല. ഈ പരമ്പരയില്‍ 37, 25*, 0, 9, 26, 38 എന്നിങ്ങനെയാണ് സ്മിത്തിന്‍റെ സ്കോറുകള്‍. ഇതില്‍ മൂന്ന് തവണയും പുറത്തായത് ജഡേജയുടെ പന്തുകളിലും.
Read more: സ്‍മിത്തിന്‍റെ ക്ലാസൊന്നും ഏറ്റില്ല; ബെയ്‍ല്‍സ് കറക്കിവീഴ്ത്തി ജഡേജയുടെ മിന്നും ബോള്‍- വീഡിയോ
