ഇന്ത്യയെ പരാജയപ്പെടുത്തുക എളുപ്പമല്ല എന്നതിനാല്‍ ഇന്ത്യ-ഓസീസ് പരമ്പര വളരെ വാശിയേറിയതാവും എന്ന് ഡിബ്രുയിന്‍

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുമ്പ് ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ത്യോണിസ് ഡിബ്രുയിന്‍. എളുപ്പമല്ലെങ്കിലും ഇന്ത്യയില്‍ വച്ച് ഇന്ത്യയെ തോല്‍പിക്കാന്‍ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസ്ട്രേലിയ എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് ഡിബ്രുയിന്‍റെ പ്രവചനം. 

'ഞാന്‍ ടീം ഇന്ത്യക്കെതിരെ ഇന്ത്യയില്‍ വച്ച് കളിച്ചിട്ടുണ്ട്. വളരെ വ്യത്യസ്തമായ സാഹചര്യമാണ് അവിടെ. ഈ ഓസീസ് ടീമിനെ അവരുടെ നാട്ടില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പരകളില്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഓസ്ട്രേലിയ പോരാട്ടം കാഴ്‌ചവെക്കും. സാഹചര്യങ്ങള്‍ ടീം ഇന്ത്യക്ക് അനുകൂലമാണ്. ഓസീസ്-പ്രോട്ടീസ് പരമ്പരയുമായി ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയെ താരതമ്യം ചെയ്യാനാവില്ല. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നടക്കുന്ന രണ്ട് പരമ്പരകളാണിത്. ഓസ്ട്രേലിയന്‍ ടീമിന് ഏറെ ആത്മവിശ്വാസം ലഭിച്ചിട്ടുണ്ട്. തങ്ങളുടെ റോളിനെ കുറിച്ച് ഓരോ താരങ്ങള്‍ക്കും വ്യക്തമായ ബോധ്യവുമുണ്ട്. ലോകോത്തര താരങ്ങളുള്ള കോര്‍ ഗ്രൂപ്പ് ഓസീസിനുണ്ട്. അവര്‍ ഈ ടീമിനെ മികച്ച രീതിയിലാണ് കൊണ്ടുപോകുന്നത്. അതിനാല്‍ ഇന്ത്യയില്‍ ജയിക്കാനുള്ള അതിയായ ദാഹം അവര്‍ക്കുണ്ടാവും. ടീം ഇന്ത്യയെ പരാജയപ്പെടുത്തുക എളുപ്പമല്ല എന്നതിനാല്‍ ഇന്ത്യ-ഓസീസ് പരമ്പര വളരെ വാശിയേറിയതാവും' എന്നും ഡിബ്രുയിന്‍ വ്യക്തമാക്കി. 

2004ലാണ് ഓസ്ട്രേലിയന്‍ ടീം അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിച്ചത്. 2008, 2010, 2013, 2017 വര്‍ഷങ്ങളില്‍ പരമ്പര ടീം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യന്‍ മണ്ണില്‍ കളിച്ച 14 ടെസ്റ്റ് പരമ്പരകളില്‍ നാലെണ്ണം മാത്രമാണ് കങ്കാരുക്കള്‍ക്ക് ജയിക്കാനായത്. 2017ല്‍ അവസാനം ഇന്ത്യയിലെത്തിയപ്പോള്‍ 1-2ന് ഓസീസ് തോല്‍വി വഴങ്ങി. 2018-19, 2020-21 പരമ്പരകള്‍ ജയിച്ച് ഇന്ത്യയുടെ പക്കലാണ് നിലവില്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പോയിന്‍റ് ടേബിളില്‍ ഓസീസ് തലപ്പത്തും ഇന്ത്യ രണ്ടാമതുമാണ്. ഫെബ്രുവരി 9ന് നാഗ്‌പൂരിലാണ് ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ദില്ലി, ധരംശാല, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മറ്റ് ടെസ്റ്റുകള്‍. 

ഇന്ത്യയില്‍ പരിശീലന മത്സരം കളിക്കുന്നതിന് പ്രസക്തിയില്ലെന്ന് സ്റ്റീവ് സ്മിത്ത്