നീണ്ട കാത്തിരിപ്പിനൊടുവില്‍ ബാറ്റർ സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ധ്രുവ് ജൂരെലും അരങ്ങേറുന്നു എന്നതാണ് മത്സരത്തിന്‍റെ പ്രധാന സവിശേഷത
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ടീം ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ടാം ടെസ്റ്റില്‍ വിശ്രമമെടുത്ത പേസർ മുഹമ്മദ് സിറാജും പരിക്ക് മാറി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും മടങ്ങിയെത്തിയപ്പോള്‍ മുകേഷ് കുമാറും അക്സർ പട്ടേലും പ്ലേയിംഗ് ഇലവന് പുറത്തായി. നീണ്ട കാത്തിരിപ്പിനൊടുവില്‍ ആഭ്യന്തര ക്രിക്കറ്റിലെ സ്റ്റാർ ബാറ്റർ സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ധ്രുവ് ജൂരെലും അരങ്ങേറുന്നു എന്നതാണ് മത്സരത്തിന്‍റെ പ്രധാന സവിശേഷത.
പ്ലേയിംഗ് ഇലവനുകള്‍
ഇംഗ്ലണ്ട്: സാക്ക് ക്രോലി, ബെന്‍ ഡക്കെറ്റ്, ഓലീ പോപ്, ജോ റൂട്ട്, ജോണി ബെയ്ർസ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ് (വിക്കറ്റ് കീപ്പർ), റെഹാന്‍ അഹമ്മദ്, ടോം ഹാർട്‍ലി, മാർക് വുഡ്, ജയിംസ് ആന്‍ഡേഴ്സണ്‍.
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടിദാർ, സർഫറാസ് ഖാന്‍, ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പർ), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
ആദ്യ ടെസ്റ്റ് നടന്ന ഹൈദരാബാദിനെക്കാളും രണ്ടാം മത്സരത്തിന് വേദിയായ വിശാഖപട്ടണത്തെക്കാളും മികച്ച വിക്കറ്റാണ് രാജ്കോട്ടിലേത് എന്ന് രോഹിത് ശർമ്മ ടോസ് വേളയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ മത്സരം ജയിച്ച് നിലവില്‍ ഇന്ത്യയും ഇംഗ്ലണ്ടും സമനില പങ്കിടുകയാണ്. മത്സരം സ്പോർട്സ് 18നും ജിയോ സിനിമയും വഴി തല്‍സമയം കാണാം.
