രാജ്കോട്ടില്‍ ദക്ഷിണാഫ്രിക്കയെ 82 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-2ന് ഒപ്പമെത്തുകയായിരുന്നു

രാജ്കോട്ട്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയിലെ(IND vs SA T20Is) ജീവന്‍മരണ പോരാട്ടത്തില്‍ കൂറ്റന്‍ ജയമാണ് ടീം ഇന്ത്യ(Team India) ഇന്നലെ രാജ്കോട്ടില്‍ നേടിയത്. 82 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ ടി20 ചരിത്രത്തില്‍ ഒരു റെക്കോർഡ് തകർക്കാന്‍ റിഷഭ് പന്തിനും(Rishabh Pant) സംഘത്തിനുമായി. രാജ്യാന്തര ടി20യില്‍ റണ്‍ മാർജിനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീം ഇന്ത്യയുടെ ഉയർന്ന വിജയമാണ് രാജ്കോട്ടില്‍ പിറന്നത്. ഇതേ പരമ്പരയിലെ കഴിഞ്ഞ മത്സരത്തില്‍ വിശാഖപട്ടണത്ത് 48 റണ്‍സിന് വിജയിച്ചതായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോർഡ്. 

ഒപ്പമെത്തി ഇന്ത്യ

രാജ്കോട്ടില്‍ ദക്ഷിണാഫ്രിക്കയെ 82 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-2ന് ഒപ്പമെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 16.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബാറ്റിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ പിന്നീട് ബാറ്റ് ചെയ്യാനിറങ്ങിയില്ല. 20 പന്തില്‍ 20 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 18 റണ്‍സിന് നാലു വിക്കറ്റെടുത്ത ആവേശ് ഖാന്‍റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തളച്ചത്. യുസ്‍വേന്ദ്ര ചാഹല്‍ രണ്ടും ഹർഷല്‍ പട്ടേലും അക്സർ പട്ടേലും ഓരോ വിക്കറ്റും നേടി. 

ഡികെയുടെ ആറാട്ട്

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 169 റണ്‍സെടുത്തത്. ഐപിഎല്‍ മികവ് ആവർത്തിച്ച ഡികെയുടെ മികവിലാണ് ഇന്ത്യ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോറിലെത്തിയത്. 27 പന്തില്‍ 56 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദിക് പാണ്ഡ്യ 31 പന്തില്‍ 46 റണ്‍സെടുത്തു. നായകന്‍ റിഷഭ് പന്ത് 17 റണ്‍സില്‍ പുറത്തായി. ഓപ്പണർ ഇഷാന്‍ കിഷന്‍ 27 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എങ്കിഡി രണ്ടും മാർക്കോ യാന്‍സനും ഡ്വെയ്ന്‍ പ്രിറ്റോറിയസും ആന്‍റിച്ച് നോർക്യയും കേശവ് മഹാരാജും ഓരോ വിക്കറ്റുമെടുത്തു. ഡികെയാണ് കളിയിലെ താരം. 

രാജ്കോട്ടിലും ആവേശ ജയം; ജീവന്‍മരണപ്പോരില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ