Rishabh Pant : വ്യക്തിഗത സ്‌കോര്‍ 50 തികയും വരെ ബൗളര്‍മാര്‍ക്ക് വേണ്ട ബഹുമാനം നല്‍കിയിരുന്നു റിഷഭ് പന്ത്
മൊഹാലി: വിമര്‍ശനങ്ങളെല്ലാം അടിച്ച് ബൗണ്ടറിക്ക് പുറത്താക്കുന്ന റിഷഭ് പന്ത് (Rishabh Pant) ഇന്നിംഗ്‌സ്. അതായിരുന്നു മൊഹാലിയില്‍ ശ്രീലങ്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിന്‍റെ (IND vs SL 1st Test) ഒന്നാംദിനം ക്രിക്കറ്റ് ലോകം കണ്ടത്. ഏകദിന ശൈലിയില്‍ റിഷഭ് സ്‌കോര്‍ ചെയ്തപ്പോള്‍ അതിലൊരു ഓവറില്‍ ടി20 മൂഡിലായിരുന്നു താരം. സാക്ഷാല്‍ കിംഗ് കോലിയെ (Virat Kohli) പുറത്താക്കി ഞെട്ടിച്ച ഇടംകൈയന്‍ സ്‌പിന്നര്‍ ലസിത് എംബുള്‍ഡെനിയയുടെ (Lasith Embuldeniya) ഓവറില്‍ 22 റണ്‍സ് റിഷഭ് അടിച്ചുകൂട്ടി.
വ്യക്തിഗത സ്‌കോര്‍ 50 തികയും വരെ ബൗളര്‍മാര്‍ക്ക് വേണ്ട ബഹുമാനം നല്‍കിയിരുന്നു റിഷഭ് പന്ത്. എന്നാല്‍ 75 പന്തില്‍ ഫിഫ്റ്റി പിന്നിട്ടതും റിഷഭ് ടോപ് ഗിയറിലായി. ഒന്നാംദിനം ലങ്കയുടെ ഏറ്റവും മികച്ച ബൗളര്‍ എന്ന് പേരെടുത്ത ലസിത് എംബുള്‍ഡെനിയയായിരുന്നു റിഷഭിന്‍റെ മുഖ്യ ശത്രു. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 76-ാം ഓവറില്‍ പന്തെടുത്തപ്പോള്‍ ലസിതിനിട്ട് രണ്ട് വീതം സിക്‌സറും ഫോറുകളും സഹിതം 22 റണ്‍സടിച്ചു റിഷഭ് പന്ത്. വ്യക്തിഗത സ്‌കോര്‍ 96ല്‍ നില്‍ക്കേ ലക്‌മലിന്‍റെ പന്തില്‍ പുറത്താകുമ്പോള്‍ ആകെ ഒന്‍പത് ഫോറും നാല് സിക്‌സറും റിഷഭ് ബൗണ്ടറിയില്‍ എത്തിച്ചിരുന്നു. 97 പന്തില്‍ നിന്നാണ് റിഷഭ് പന്തിന്‍റെ 96 റണ്‍സ്.
മൊഹാലിയില്‍ ആദ്യദിനം സ്റ്റംപെടുത്തപ്പോള്‍ ആറ് വിക്കറ്റിന് 357 എന്ന സുരക്ഷിത നിലയിലാണ് ടീം ഇന്ത്യ. ഒരുഘട്ടത്തില്‍ നാലിന് 175 എന്ന നിലയില്‍ നില്‍ക്കുകയായിരുന്ന ടീമിനെ മികച്ച സ്‌കോറിലേക്ക് ഉയര്‍ത്തിയതും റിഷഭ് പന്താണ്. കൂടെ ഹനുമാ വിഹാരി (58), വിരാട് കോലി (45), രവീന്ദ്ര ജഡേജ (45*) എന്നിവരുടെ സംഭാവനകളും നിര്‍ണായകമായി. ആദ്യദിനത്തെ കളിയവസാനിച്ചപ്പോള്‍ ആര്‍ അശ്വിനാണ് (10*) ജഡേജയ്ക്ക് കൂട്ട്. റിഷഭില്‍ നിന്ന് കണക്കിന് കിട്ടിയെങ്കിലും ലസിത് എംബുള്‍ഡെനിയ സന്ദര്‍ശകര്‍ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
റിഷഭിന്‍റെ വെടിക്കെട്ട് കാണാന്‍ ക്ലിക്ക് ചെയ്യുക
കോലിയുടെ കൂടി ദിനം
ഇന്ത്യന്‍ മുന്‍നായകന്‍ വിരാട് കോലിയുടെ നൂറാം ടെസ്റ്റാണ് മൊഹാലിയില്‍ ആരംഭിച്ചത്. മോഹ 100 പ്രതീക്ഷിച്ച ആരാധകര്‍ക്ക് മുന്നില്‍ കോലി ആദ്യ ഇന്നിംഗ്‌സില്‍ 76 പന്തില്‍ 45 റണ്‍സെടുത്ത് മടങ്ങി. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 44-ാം ഓവറില്‍ ലങ്കന്‍ ഇടംകൈയന്‍ സ്‌പിന്നര്‍ ലസിത് എംബുല്‍ഡെനിയയുടെ ഗംഭീര പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു കിംഗ് കോലി. ക്രീസില്‍ കാലുറപ്പിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു പവലിയനിലേക്ക് കോലിയുടെ മടക്കം. 59.21 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ച് ബൗണ്ടറികള്‍ സഹിതമായിരുന്നു കോലിയുടെ 45 റണ്‍സ്.
എന്നാല്‍ മത്സരത്തില്‍ ടെസ്റ്റ് കരിയറിലെ നിര്‍ണായക നാഴികക്കല്ല് പിന്നിടാന്‍ വിരാട് കോലിക്കായി. മൊഹാലിയില്‍ 38 റണ്‍സെടുത്തപ്പോള്‍ ടെസ്റ്റില്‍ കോലി 8000 റണ്‍സ് പൂര്‍ത്തിയാക്കി. നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (154 ഇന്നിംഗ്‌സ്), രാഹുല്‍ ദ്രാവിഡ് (157 ഇന്നിംഗ്‌സ്), വിരേന്ദര്‍ സെവാഗ് (160), സുനില്‍ ഗവാസ്‌കര്‍ (166), വിരാട് കോലി (169), വിവിഎസ് ലക്ഷ്‌മണ്‍ (201) എന്നിവരാണ് മുമ്പ് 8000 കടന്ന ഇന്ത്യന്‍ താരങ്ങള്‍.
Ranji Trophy 2021-22: വെടിക്കെട്ട് സെഞ്ചുറിയുമായി വീണ്ടും സര്‍ഫ്രാസ്, ഗോള്‍ഡന്‍ ഡക്കായി രഹാനെ
