ക്രിക്കറ്റ് കളി കാണുന്നവര്‍ക്ക് താരങ്ങളേക്കാളേറെ പരിചയമുണ്ട് സുധീര്‍ ചൗധരിയെ

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് മത്സരങ്ങള്‍ കാണികളുടെ ഉത്സവം കൂടിയാണ്. രണ്ട് മുൻ സൂപ്പര്‍ താരങ്ങളുടെ രണ്ട് സൂപ്പര്‍ ആരാധകര്‍ ഇത്തവണയും ഇന്ത്യയുടെ കളി കാണാൻ എത്തിയിട്ടുണ്ട്. മത്സരം കാണാൻ മാത്രമല്ല പരിശീലനത്തിനടിയിലും പരിശീലനം കഴിഞ്ഞ് താരങ്ങളെ ഹോട്ടലിലേക്ക് യാത്രയാക്കാനും ടീമിന് ഒപ്പമുണ്ടായിരുന്നു ഇരുവരും. 

ക്രിക്കറ്റ് കളി കാണുന്നവര്‍ക്ക് താരങ്ങളേക്കാളേറെ പരിചയമുണ്ട് സുധീര്‍ ചൗധരിയെ. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത ടീമിലെ പന്ത്രണ്ടാമന്‍. സച്ചിൻ ടെണ്ടുൽക്കറുടെ കട്ട ഫാനായ സുധീര്‍ കയ്യിൽ പതാകയും ശംഖുമായി ഇത്തവണയും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇന്നും ജയിച്ച് പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് സുധീറിന്‍റെ പ്രതീക്ഷ. മൊഹാലിക്കാരൻ രാംബാബുവുമുണ്ട് കൂടെ. മഹേന്ദ്രസിംഗ് ധോണിയുടെ കടുത്ത ആരാധകനാണ് രാംബാബു. കാര്യവട്ടത്തെ കട്ടൗട്ടുകളിൽ തലയെടുപ്പോടെ നിൽക്കുന്ന ധോണി എന്നുമുണ്ട് രാംബാബുവിന്‍റെ മനസിൽ.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ ടീം പരിശീലനം തുടങ്ങിയ വൈകിട്ട് അഞ്ച് മണി മുതൽ മടങ്ങിപ്പോയ രാത്രി എട്ട് മണിവരെ ദേശീയ പതാകയുമേന്തി സ്റ്റേഡിയത്തിലുണ്ടായിരുന്നു ഇരുവരും. ദേശീയപതാക വീശി ടീം ഇന്ത്യയെ ഹോട്ടലിലേക്ക് യാത്രയാക്കിയാണ് ഇരുവരും മടങ്ങിയത്. 

തിരുവനന്തപുരത്ത് ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന് നടക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. രാവിലെ പതിനൊന്നര മുതൽ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കും. ആദ്യ രണ്ട് കളിയും ജയിച്ച് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയുണ്ട്. നാട്ടിലേക്ക് മടങ്ങും മുമ്പ് ആശ്വാസ ജയമാണ് ലങ്കയുടെ ലക്ഷ്യം. ആദ്യ രണ്ട് ഏകദിനങ്ങളിലും പുറത്തിരുന്ന ഓപ്പണര്‍ ഇഷാന്‍ കിഷനും മധ്യനിര താരം സൂര്യകുമാര്‍ യാദവും പ്ലേയിംഗ് ഇലവനിലേക്ക് ഇന്ന് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഗ്രീന്‍ഫീല്‍ഡിന്‍റെ ആകാശം 'സ്‌കൈ'യുടേതാകുമോ; എല്ലാ കണ്ണുകളും സൂര്യകുമാര്‍ യാദവില്‍