വിമര്‍ശനം ശക്തമായിരിക്കേ തന്‍റെ ഏകദിന പ്രകടനം മെച്ചപ്പെടുത്താനുണ്ട് എന്ന് സമ്മതിച്ചിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്

ഗയാന: ട്വന്‍റി 20 ക്രിക്കറ്റിലെ മികവ് ഏകദിന ഫോര്‍മാറ്റിലേക്ക് കൊണ്ടുവരാന്‍ കഴിയാത്തതില്‍ വലിയ വിമര്‍ശനം കേള്‍ക്കുന്ന ബാറ്ററാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. രാജ്യാന്തര ടി20യിലെ നമ്പര്‍ ബാറ്ററായ സൂര്യക്ക് ഇതുവരെ ഏകദിന ടീമില്‍ സ്ഥിരം കസേര ഉറപ്പിക്കാനായിട്ടില്ല. പരിക്ക് മാറി മധ്യനിര താരം ശ്രേയസ് അയ്യര്‍ വരും വരെയേ സ്കൈക്ക് സാധ്യത കാണുന്നുള്ളൂ. ഏറ്റവും ഒടുവിലായി വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ആകെ 78 റണ്‍സാണ് സൂര്യ നേടിയത്. ഇതില്‍ വിമര്‍ശനം ശക്തമായിരിക്കേ തന്‍റെ ഏകദിന പ്രകടനം മെച്ചപ്പെടുത്താനുണ്ട് എന്ന് സമ്മതിച്ചിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. 

'ഏകദിന ക്രിക്കറ്റില്‍ എങ്ങനെ കളിക്കണം എന്ന് ടീം മാനേജ്‌മെന്‍റ് പറഞ്ഞത് അനുസരിച്ചാണ് ഞാന്‍ കളിക്കുന്നത്. ടീം എന്താണോ ആവശ്യപ്പെടുന്നത് അത് സമയമെടുത്ത് ഞാന്‍ നല്‍കും. ടീം എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാക്കും. ടി20 ക്രിക്കറ്റില്‍ എന്താണ് ചെയ്യണ്ടത് എന്ന് എനിക്കറിയാം. ക്രീസിലേക്ക് പോവുക, അതിനനുസരിച്ച് കളിക്കുക... അതാണ് പ്രധാനം. ഏകദിന ക്രിക്കറ്റില്‍ എന്‍റെ നമ്പറുകള്‍ മോശമാണ് എന്ന് എനിക്കറിയാം. അത് സമ്മതിക്കുന്നതില്‍ നാണക്കേടില്ല. സത്യസന്ധമായി പറയാം, കണക്കുകള്‍ മെച്ചപ്പെടുത്താന്‍ എങ്ങനെ ശ്രമിക്കുന്നു എന്നതാണ് പ്രധാനം. നിങ്ങള്‍ ഏറെ കളിച്ചിട്ടുള്ള ഫോര്‍മാറ്റ് അല്ല ഏകദിനം. അതിനാല്‍ കൂടുതല്‍ പരിശീലനം നടത്തി ഏകദിനത്തിനായി ഒരുങ്ങണം എന്നാണ് രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും പറഞ്ഞിരിക്കുന്നത്. 50 പന്തില്‍ 45 റണ്‍സ് നേടണം. ടീം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ബാറ്റ് ചെയ്യേണ്ടതുണ്ട് ഏകദിനത്തില്‍' എന്നും സൂര്യകുമാര്‍ യാദവ് വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ട്വന്‍റി 20ക്ക് ശേഷം പറഞ്ഞു. 

സൂര്യകുമാര്‍ യാദവ് 44 പന്തില്‍ 83 റണ്‍സുമായി തിളങ്ങിയപ്പോള്‍ വിന്‍ഡീസിന് എതിരായ മൂന്നാം ട്വന്‍റി 20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യ രണ്ട് കളികള്‍ തോറ്റ ശേഷമായിരുന്നു അഞ്ച് ടി20കളുടെ പരമ്പരയില്‍ ഇന്ത്യ വിജയവഴിയിലേക്ക് എത്തിയത്. 49 രാജ്യാന്തര ടി20 ഇന്നിംഗ്‌സുകളില്‍ 45.64 ശരാശരിയിലും 174.34 സ്ട്രൈക്ക് റേറ്റിലും 1780 റണ്‍സ് സൂര്യക്കുണ്ട്. എന്നാല്‍ 24 ഏകദിന ഇന്നിംഗ്‌സുകള്‍ കളിച്ച താരത്തിന് 24.33 ശരാശരിയിലും 101.39 പ്രഹരശേഷിയിലും 511 റണ്‍സ് മാത്രമേ സ്വന്തമായുള്ളൂ. ടി20യില്‍ മൂന്ന് സെഞ്ചുറികളുള്ള താരത്തിന് ഏകദിനത്തില്‍ രണ്ട് ഫിഫ്റ്റിക്ക് അപ്പുറത്തേക്ക് പോകാനായിട്ടില്ല. 64 ആണ് ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍. 

Read more: സൂര്യകുമാർ അവതരിച്ചു, തിലക് തിളങ്ങി; മൂന്നാം ട്വന്‍റി 20യില്‍ ഏഴഴക് വിജയവുമായി ടീം ഇന്ത്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം