Asianet News MalayalamAsianet News Malayalam

അണ്ടര്‍ 19 ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റ്: ദക്ഷിണാഫ്രിക്ക തകര്‍ന്നു, ഇന്ത്യക്ക് കിരീടം

അണ്ടര്‍ 19 ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കിരീടം. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 69 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

india beat south africa in under 19 quadrangular series
Author
Durban, First Published Jan 9, 2020, 9:54 PM IST

ഡര്‍ബന്‍: അണ്ടര്‍ 19 ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കിരീടം. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 69 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അണ്ടര്‍ 19 ലോകകപ്പ് മുമ്പായുള്ള തയ്യാറെടുപ്പ് ടൂര്‍ണമെന്റില്‍ പരാജയമറിയാതെ കിരീടം നേടാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. സിംബാബ്‌വെ, ന്യൂസിലന്‍ഡ് എന്നിവരായിരുന്നു ടൂര്‍ണമെന്റിലെ മറ്റുടീമുകള്‍.

ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. ദ്രുവ് ജുറലിന്റെ (101) സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 43.1 ഓവറില്‍ 190ന് എല്ലാവരും പുറത്തായി. അഥര്‍വ അങ്കോള്‍കര്‍ നാല് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌നോയിക്ക് രണ്ട് വിക്കറ്റുണ്ട്. 52 റണ്‍സ് നേടിയ ജാക്ക് ലീസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 

ഇന്ത്യക്ക് വേണ്ടി ജുറലിന് പുറമെ തിലക് വര്‍മ (70), സിദ്ധേഷ് വീര്‍ (48) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തും. എന്നാല്‍ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. യഷസ്വി ജയ്‌സ്‌വാള്‍ (0), ദിവ്യാന്‍ഷ് സക്‌സേന (6), ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് (2) എന്നിവരാണ് മടങ്ങിയത്. 

പിന്നീട് തിലക്- ജുറല്‍ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയത്. ഇരുവരും 164 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എട്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ജുറലിന്റെ ഇന്നിങ്‌സ്. പിന്നാലെ എത്തിയ വീര്‍ വേഗത്തില്‍ റണ്‍സ് നേടി. 37 പന്ത് നേരിട്ട താരം രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് 48 റണ്‍സ് നേടിയത്. അഥര്‍വ (7), വിദ്യാദര്‍ പാട്ടില്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രവി ബിഷ്‌നോയ് (3) പുറത്താവാതെ നിന്നു.

Follow Us:
Download App:
  • android
  • ios