അഹമ്മദാബാദ്: രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ച ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ പിച്ചിനെച്ചൊല്ലിയുള്ള  വിവാദത്തില്‍ പങ്കുചേര്‍ന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കും. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിനല്ല ബാറ്റ്സ്മാന്‍മാര്‍ക്കാണ് പിഴച്ചതെന്ന് മത്സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാന്‍ എളുപ്പമുള്ള പിച്ചായിരുന്നുവെന്നും പഴയ പന്ത് മാത്രമാണ് ടേണ്‍ ചെയ്തതെന്നും കോലി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പിച്ചിന് പ്രശ്നമൊന്നുമില്ലെന്ന കോലിയുടെ നിലപാട് ചോദ്യം ചെയ്ത് കുക്ക് രംഗത്തെത്തി. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചില്‍ ബാറ്റിംഗ് ദുഷ്കരമായിരുന്നുവെന്ന് കുക്ക് പറഞ്ഞു. മത്സരശേഷം പിച്ചിനെ പ്രതിരോധിച്ച് കോലി രംഗത്തു വന്നു. അതെന്തെങ്കിലും ആവട്ടെ, അതൊക്കെ ബിസിസിഐയുടെ കാര്യമാണ്. പക്ഷെ, രണ്ടാം ദിനം തന്നെ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടേറിയ പിച്ചായിരുന്നു ഇതെന്നത് വസ്തുതയാണ്.

അതുകൊണ്ടുതന്നെ പിച്ചിനെ മാറ്റി നിര്‍ത്തി ബാറ്റ്സ്മാന്‍മാരെ മാത്രം കുറ്റം പറയുന്നതിനോട് യോജിക്കാനാവില്ല. ബാറ്റ്സ്മാന്‍മാര്‍ സ്പിന്‍ പിച്ചില്‍ കളിക്കാന്‍ പഠിക്കണമെന്നൊക്കെ പറയുമ്പോഴും വിരാട് കോലിയെയും ജോ റൂട്ടിനെയും പോലെ സ്പിന്നിനെ മനോഹരമായി കളിക്കുന്ന ബാറ്റ്സ്മാന്‍മാര്‍ പോലും ഈ പിച്ചില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടി എന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല.

ഇന്ത്യയിലെ മറ്റേത് പിച്ചിനെക്കാളും ടേണ്‍ ചെയ്ത പിച്ചായിരുന്നു അഹമ്മദാബാദിലേത്. ചില പന്തുകള്‍ ടേണ്‍ ചെയ്യാതെ നേരെ പോവുകയും ചെയ്തു. പക്ഷെ ടേണ്‍ ചെയ്തപ്പോഴൊക്കെ വലിയ ടേണാണ് ഉണ്ടായത്. അതുപോലെ പന്ത് പിച്ചില്‍ പലപ്പോഴും സ്കിഡ് ചെയ്ത് പോകുന്നതും കാണാമായിരുന്നുവെന്നും കുക്ക് പറഞ്ഞു.