Asianet News MalayalamAsianet News Malayalam

ജെയ്‌സ്വാളിന്‍റെ ഒറ്റയാള്‍ പോരാട്ടം! ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോര്‍ സ്വപ്നം കണ്ട് ഇന്ത്യ

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 40 റണ്‍സാവുമ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. രോഹിത്തിനെ ബഷീര്‍ കുടുക്കുയായിരുന്നു. ലെഗ് സ്ലിപ്പില്‍ ഒല്ലി പോപ്പിന് ക്യാച്ച്.

india heading towards huge first innings score against england
Author
First Published Feb 2, 2024, 4:34 PM IST

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. സെഞ്ചുറി നേടിയ യശസ്വി ജെയ്‌സ്വാളിന്റെ (പുറത്താവാതെ 179) കരുത്തില്‍ ഇന്ത്യ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തിട്ടുണ്ട്. ആര്‍ അശ്വിന്‍ (5) ജെയ്‌സ്വാളിന് കൂട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റക്കാന്‍ ഷൊയ്ബ് ബഷീര്‍ രണ്ട് വിക്കറ്റെടുത്തു. ജെയിംസ് ആന്‍ഡേഴ്‌സണ്‍, ടോം ഹാര്‍ട്‌ലി, റെഹാന്‍ അഹമ്മദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ, വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 40 റണ്‍സാവുമ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. രോഹിത്തിനെ ബഷീര്‍ കുടുക്കുയായിരുന്നു. ലെഗ് സ്ലിപ്പില്‍ ഒല്ലി പോപ്പിന് ക്യാച്ച്. പിന്നീടെത്തിയ ഗില്‍ നന്നായി തുടങ്ങി. ഫോം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങളും കാണിച്ചു. എന്നാല്‍ അധികനേരം ക്രീസില്‍ തുടരാന്‍ ഗില്ലിനായില്ല. ആന്‍ഡേഴ്‌ന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച്. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. ലഞ്ചിന് ശേഷം ശ്രേയസും മടങ്ങി. ഹാര്‍ട്‌ലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് താരം ശ്രേയസ് മടങ്ങുന്നത്. 

പിന്നീടെത്തിയത് അരങ്ങേറ്റക്കാരന്‍ രജത്. ആത്മവിശ്വാസത്തോടെയാണ് രജത് തുടങ്ങിയത്. എന്നാല്‍ റെഹാന്റെ പന്തില്‍ താരം പുറത്തായി. പ്രതിരോധിക്കുന്നതിനിടെ ബാറ്റില്‍ തട്ടി പന്ത് സ്റ്റംപിലേക്ക്. ഇതിനിടെ ജെയ്‌സ്വാള്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇതുവരെ അഞ്ച് സിക്‌സും 17 ഫോറും ജെയ്‌സ്വാള്‍ നേടി. എന്നാല്‍ ആദ്യദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അക്‌സര്‍ പട്ടേലും (27) കെ എസ് ഭരതും (17) വിക്കറ്റ് വലിച്ചെറിഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി.

നേരത്തെ, രജത് പടിദാറിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. കെ എല്‍ രാഹുലിന് പകരം ടീമിലെത്തിയ സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കണം. പടിദാറിന്റെ ഉള്‍പ്പെടെ മൂന്ന് മാറ്റമാണ് ഇന്ത്യ വരുത്തിയത്. രവീന്ദ്ര ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറിനും അവസരം നല്‍കി. നേരത്തെ ഇംഗ്ലണ്ടും രണ്ട് മാറ്റം വരുത്തിയിരുന്നു. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടീമില്‍ തിരിച്ചെത്തി. മാര്‍ക്ക് വുഡിന് പകരമാണ് ആന്‍ഡേഴ്‌സണ്‍ എത്തിയത്. കാല്‍മുട്ടിന് പരിക്കേറ്റ ജാക്ക് ലീച്ചിന് പകരം ഷൊയ്ബ് ബഷീറും ടീമിലെത്തി.

ഇന്ത്യ: യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്. 

ഇംഗ്ലണ്ട്: സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ബെന്‍ ഫോക്‌സ്, റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

ദ്രാവിഡിന് അര്‍ധനഗ്നയായി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു! പൂനം പാണ്ഡെ എന്നും ക്രിക്കറ്റ് വിവാദങ്ങളിലുണ്ട്
 

Latest Videos
Follow Us:
Download App:
  • android
  • ios