ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 43.1 ഓവറില്‍ 172ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ സുശാന്ത് മിശ്രയുടെ പ്രകടനാണ് പാകിസ്ഥാനെ ചെറിയ സ്‌കോറില്‍ നിയന്ത്രിച്ച് നിര്‍ത്തിയത്. ക്യാപ്റ്റന്‍ റൊഹൈല്‍ നാസിര്‍ (62), ഓപ്പണര്‍ ഹൈദര്‍ അലി (56) എന്നിവര്‍ക്ക് മാത്രമാണ് പാക് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്.

തകര്‍ച്ചയോടെയായിരുന്നു പാക് യുവനിരയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സ് ആയിരിക്കെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ഹൈദര്‍- റൊഹൈല്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 62 റണ്‍സാണ് പാകിസ്ഥാന് തുണയായത്. മുഹമ്മദ് ഹാരിസ് (21) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. 

മിശ്രയ്ക്ക് പുറമെ കാര്‍ത്തിക് ത്യാഗി, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഥര്‍വ അങ്കോള്‍ക്കര്‍, യഷസ്വി ജയ്‌സ്‌വാള്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.