സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കേ സഞ്ജു സാംസണ് പൂര്‍ണ പിന്തുണ നല്‍കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍
മുംബൈ: ശ്രീലങ്കയ്ക്ക് എതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള സ്‌ക്വാഡുകളെ ഇന്ന് പ്രഖ്യാപിക്കുമ്പോള്‍ ഏറെ സര്‍പ്രൈസുകള്‍ ആരാധകരെ കാത്തിരിക്കുന്നു എന്നാണ് സൂചന. ട്വന്‍റി 20 ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യ വരുമ്പോള്‍ ഫോമില്ലായ്‌മയുടെ പേരില്‍ വലിയ വിമര്‍ശനം നേരിടുന്ന റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ തുടങ്ങിയ താരങ്ങള്‍ ടീമിന് പുറത്താകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇതിലേറെ ആകാംക്ഷ സൃഷ്‌ടിക്കുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ തിരികെ ടീമിലെത്തുമോ എന്നാണ്. ആഭ്യന്തര ക്രിക്കറ്റിലെ ഫോമിന്‍റെ അടിസ്ഥാനത്തില്‍ സഞ്ജുവിന്‍റെ മടങ്ങിവരവ് ലങ്കയ്ക്കെതിരെയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കേ സഞ്ജു സാംസണ് പൂര്‍ണ പിന്തുണ നല്‍കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ശ്രീലങ്കയ്ക്കും ന്യൂസിലന്‍ഡിനും എതിരായ പരമ്പരകളില്‍ ഏകദിന, ട്വന്‍റി 20 ടീമുകളില്‍ സഞ്ജു ഇടംപിടിക്കുമെന്ന് ജാഫര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. താരത്തിന് സ്ഥിരതയോടെ അവസരം പ്രതീക്ഷിക്കുന്നതായും വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.
കണ്ണുകള്‍ സഞ്ജു സാംസണില്‍
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്ന പേസര്‍ ജസ്പ്രീത് ബുമ്ര, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ടീമില്‍ തിരിച്ചെത്തും. ഹാര്‍ദിക്ക് പാണ്ഡ്യക്ക് കീഴിലായിരിക്കും ഇന്ത്യ ടി20ക്ക് ഇറങ്ങുക. പരിക്ക് പൂര്‍ണമായും മാറാത്ത രോഹിത്തിനെ ടി20 പരമ്പരയിലേക്ക് പരിഗണിച്ചേക്കില്ല. അതേസമയം, രോഹിത് ഏകദിന പരമ്പരയില്‍ തിരിച്ചെത്തും. മോശം ഫോമില്‍ കളിക്കുന്ന വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓപ്പണര്‍ കെ എല്‍ രാഹുല്‍ എന്നിവരെയും മാറ്റിനിര്‍ത്താനിടയുണ്ട്. അങ്ങനെ വന്നാല്‍ സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിക്കും. ഏകദിന, ട്വന്‍റി 20 സ്‌ക്വാഡുകളില്‍ രണ്ടിലും സഞ്ജു ഉള്‍പ്പെടുമോ എന്ന ആകാംക്ഷയുണ്ട്. രഞ്ജി ട്രോഫിയില്‍ മികച്ച ഫോമിലാണ് താരം.
