ഹരാരെയില്‍ ഇന്ത്യന്‍ താരങ്ങള്‍ നെറ്റ്സിന് ഇറങ്ങിയപ്പോഴാണ് കൗതുകമുണർത്തി ആരാധകന്‍ പ്രത്യക്ഷപ്പെട്ടത്
ഹരാരെ: ഏകദിന പരമ്പരയ്ക്കായി സിംബാബ്‍വെയിലെത്തിയ ഇന്ത്യന്‍ ടീമിലംഗമാണ് വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷന്‍. ഇഷാന്‍റെ മത്സരം കാണാനും ടീം ഇന്ത്യയെ പ്രോല്‍സാഹിപ്പിക്കാനും അദ്ദേഹത്തിന്‍റെ നാടായ പാറ്റ്നയില്‍ നിന്ന് ഹരാരെയില്‍ എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. ആശിഷ് എന്നാണ് ഇദ്ദേഹത്തിന്‍റെ പേര്.
ഹരാരെയില്‍ ഇന്ത്യന്‍ താരങ്ങള്‍ നെറ്റ്സിന് ഇറങ്ങിയപ്പോഴാണ് കൗതുകമുണർത്തി ആരാധകന്‍ പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകളോളം കാത്തുനിന്ന് ഇഷാന്‍ കിഷന്‍റെ ബാറ്റിംഗ് നെറ്റ്സില്‍ കാണുകയായിരുന്നു ആശിഷിന്‍റെ ലക്ഷ്യം. മറ്റ് മൂന്ന് ആരാധകരും ആശിഷിനൊപ്പമുണ്ടായിരുന്നു. സ്റ്റേഡിയത്തിലെത്തിയ ഇന്ത്യന്‍ മാധ്യമപ്രവർത്തകന്‍ വിമല്‍ കുമാറിനെ കണ്ടതോടെ ആശിഷ് വാചാലനായി. താന്‍ ഇഷാന്‍ കിഷന്‍റെ വലിയ ആരാധകനാണെന്നും പാറ്റ്നയിലെ ഇഷാന്‍റെ വീടിന് അടുത്താണ് തന്‍റെ വീടെന്നും ഇയാള്‍ വ്യക്തമാക്കി. ടീം ഇന്ത്യയുടെ മൂന്ന് കളികളും കാണും. താരങ്ങളുടെ പരിശീലനം കാണാന്‍ കഴിഞ്ഞതില്‍ ഞങ്ങളെല്ലാം സന്തുഷ്ടരാണ്. ഇഷാന്‍റെ ഒരു സുഹൃത്തിനെ തനിക്കറിയാമെന്നും ആശിഷ് പറഞ്ഞു.
പ്രാക്ടീസ് കഴിഞ്ഞ് മടങ്ങവെ ഇഷാന്‍ കിഷനുമായി സംസാരിക്കാനുള്ള അവസരം ആശിഷിന് ലഭിച്ചു. പാറ്റ്നയില്‍ നിന്നാണെന്നും ഇഷാന്‍റെ സുഹൃത്തിനെ അറിയാമെന്നും പറഞ്ഞതോടെ താരം ഹാപ്പിയായി. ഇരുവരും കുശലം പറയുകയും സെല്‍ഫിയെടുക്കുകയും ചെയ്തു. അക്സർ പട്ടേലും സെല്‍ഫിയെടുക്കാന്‍ ചേർന്നു.

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്ക് മുമ്പ് ഹരാരെയില്‍ കടുത്ത പരിശീലനത്തിലാണ് ടീം ഇന്ത്യ. നാളെയാണ് പരമ്പരയിലെ ആദ്യ ഏകദിനം. 20, 22 തിയതികളിലാണ് മറ്റ് ഏകദിനങ്ങള്‍.
സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‍ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.
സിംബാബ്‍വെ ക്രിക്കറ്റിന്‍റെ ട്വീറ്റില്‍ ഇടംപിടിച്ച് സഞ്ജു; ആശംസാപ്രവാഹം
