Asianet News MalayalamAsianet News Malayalam

രാജ്കോട്ടില്‍ രാജകീയ തിരിച്ചുവരവ്; ഓസീസിനെ വീഴ്ത്തി ഇന്ത്യ

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബുഷെയ്നും ചേര്‍ന്ന് 96 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ പരീക്ഷിച്ചു. എന്നാല്‍ ഇത്തവണയും രക്ഷകനായി അവതരിച്ചത് ജഡേജയായിരുന്നു.

India vs Australia India beat Australia by 36 Runs to level series 1-1
Author
Rajkot, First Published Jan 17, 2020, 9:40 PM IST

രാജ്കോട്ട്: മുംബൈയിലെ നാണംകെട്ട തോല്‍വിക്ക് രാജ്കോട്ടില്‍ പലിശസഹിതം തിരിച്ചുകൊടുത്ത് ടീം ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 36 റണ്‍സ് വിജയവുമായി ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി(1-1). 341 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന്റെ പോരാട്ടം  49.1 ഓവറില്‍ 304 റണ്‍സില്‍ അവസാനിച്ചു. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 340/7,  ഓസ്ട്രേലിയ 49.1 ഓവറില്‍ 304ന് ഓള്‍ ഔട്ട്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച ബംഗലൂരുവില്‍ നടക്കും.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെയാണ് ഓസീസ് ബാറ്റ് വീശി തുടങ്ങിയത് കഴിഞ്ഞ മത്സരത്തിലെ 10 വിക്കറ്റ് വിജയം സമ്മാനിച്ച ആത്മവിശ്വാസത്തില്‍ ബാറ്റ് വീശിയ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും തുടക്കത്തില്‍ അവസരമൊന്നും നല്‍കിയില്ല. എന്നാല്‍ർ ഷമിയെ കവറിന് മുകളിലൂടെ പറത്താനുള്ള വാര്‍ണറുടെ(15) അതിമോഹം മനീഷ് പാണ്ഡെയുടെ ഒറ്റകൈയന്‍ ക്യാച്ചില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ ആശ്വാസം കൊണ്ടു. രണ്ടാം വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ഓസീസിന് വലിയ പരിക്കുകളില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ ജഡജേയുടെ ടേണ്‍ ഫിഞ്ചിനെ ചതിച്ചു. വമ്പനടിക്ക് ശ്രമിച്ച ഫിഞ്ചിനെ(33) രാഹുല്‍ മിന്നല്‍ സ്റ്റംപിംഗിലൂടെ വീഴ്ത്തി.

ഇന്ത്യയെ വിറപ്പിച്ച സ്മിത്തും ലാബുഷെയ്നും

പിന്നീടായിടുന്നു ഇന്ത്യയെ വിറപ്പിച്ച കൂട്ടുകെട്ട് ഓസീസ് ഉയര്‍ത്തിയത്. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബുഷെയ്നും ചേര്‍ന്ന് 96 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ പരീക്ഷിച്ചു. എന്നാല്‍ ഇത്തവണയും രക്ഷകനായി അവതരിച്ചത് ജഡേജയായിരുന്നു. ജഡേജയെ സിക്സറടിക്കാനുള്ള ലാബുഷെയ്നിന്റെ ശ്രമം ലോംഗ് ഓണില്‍ ഷമിയുടെ കൈകളില്‍ അവസാനിച്ചു. 47 പന്തില്‍ 46 റണ്‍സായിരുന്നു ലാബുഷെയ്നിന്റെ സമ്പാദ്യം.

കുല്‍ദീപിന്റെ ഇരട്ടപ്രഹരത്തില്‍ ഞെട്ടി ഓസീസ്

സ്റ്റീവ് സ്മിത്ത് വിട്ടുകൊടുക്കാനുള്ള ഭാമില്ലായിരുന്നു. അലക്സ് ക്യാരിയെ കൂട്ടുപിടിച്ച് സ്മിത്ത് കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ കുല്‍ദീപിനെ പന്തേല്‍പ്പിച്ച കോലിയുടെ തന്ത്രം ഫലിച്ചു. അടുത്തടുത്ത പന്തുകളില്‍ ക്യാരിയെയും(18) സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സ്മിത്തിനെയും(98) വീഴ്ത്തി കുല്‍ദീപ് വിജയം ഇന്ത്യയുടേതായിരിക്കുമെന്ന് ഉറപ്പിച്ചു.

ഷമി റീലോഡഡ്

കുല്‍ദീപിന്റെ ഇരട്ടപ്രഹരത്തിനുശേഷം ഷമിയുടെ ഊഴമായിരുന്നു. ആഷ്ടണ്‍ ടര്‍ണറെയും(13), പാറ്റ് കമിന്‍സിനെയും(0) യോര്‍ക്കറില്‍ വീഴ്ത്തിയ ഷമി ഓസീസ് പോരാട്ടം അധികം നീളില്ലെന്ന് ഉറപ്പിച്ചു. ഒടുവില്‍ ആദം സാംപയെ രാഹുലിന്റെ കൈകളില്‍ എത്തിച്ച് ബുമ്രയും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായതോടെ ഇന്ത്യന്‍ ജയം സമ്പൂര്‍ണമായി. ഇന്ത്യക്കായി ഷമി 77 റണ്‍സ്  വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സെയ്നിയും കുല്‍ദീപും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഇന്ത്യക്ക് ശിഖര്‍ ധവാന്‍ (96), വിരാട് കോലി (78), കെ എല്‍ രാഹുല്‍ (52 പന്തില്‍ 80) എന്നിവരുടെ ഇന്നിംഗ്സാണ്  മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

തകര്‍പ്പന്‍ തുടക്കം

ഓപ്പണര്‍മാരായ രോഹിത് ശര്‍മ (42)- ധവാന്‍ കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 13.3 ഓവറില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രദ്ധയോടെ ബാറ്റ് വീശിയ രോഹിത് ആറ് ബൗണ്ടറികള്‍ നേടി. എന്നാല്‍ മികച്ച തുടക്കം വലിയോ സ്‌കോറിലേക്ക് മാറ്റാന്‍ രോഹിത്തിന് സാധിച്ചില്ല. സാംപ ഓസീസിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. സാംപയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു രോഹിത്.

മൂന്നാം നമ്പറില്‍ തിരിച്ചെത്തി കോലി

India vs Australia India beat Australia by 36 Runs to level series 1-1ഇഷ്ട ബാറ്റിങ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ കോലി നിരാശപ്പെടുത്തിയില്ല. എന്തുകൊണ്ട് ആ സ്ഥാനം എത്രത്തോളം പ്രിയപ്പെട്ടതാകുന്നു എന്ന് തെളിയിക്കുന്നതായിരുന്നു കോലിയുടെ പ്രകടനം. ഇരുവരും 103 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ നാല് റണ്‍സ് അകലെ ധവാന് സെഞ്ചുറി നഷ്ടമായി. 90 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 13 ഫോറും ഉള്‍പ്പെടെയാണ് 96 റണ്‍സെടുത്തത്. കെയ്ന്‍ റിച്ചാര്‍ഡ്‌സണിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കുകയായിരുന്നു ധവാന്‍.

രാഹുലിന് പുതിയ സ്ഥാനം, നിരാശപ്പെടുത്തി അയ്യരും മനീഷും

കോലി മൂന്നാം സ്ഥാനത്ത് തിരിച്ചെത്തിയതോടെ രാഹുലിന് ആ സ്ഥാനത്ത് മാറേണ്ടിവന്നു. ശ്രേയസ് അയ്യര്‍ക്കും പിന്നാലെ അഞ്ചാം സ്ഥാനത്താണ് രാഹുലെത്തിയത്. അയ്യര്‍ സ്ഥിരം സ്ഥാനമായ നാലാം നമ്പറില്‍ തിരിച്ചെത്തിയെങ്കിലും നിരാശപ്പെടുത്തി. 17 പന്ത് നേരിട്ട താരം ഏഴ് റണ്‍സ് മാത്രമാണെടുത്തത്. സാംപയുടെ പന്തില്‍ വിക്കറ്റ് തെറിച്ചാണ് അയ്യര്‍ മടങ്ങിയത്. അധികം വൈകാതെ കോലിയും മടങ്ങി. ആറ് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ  ഇന്നിങ്‌സ്.

സാംപയ്‌ക്കെതിരെ സിക്‌സടിക്കാനുള്ള ശ്രമത്തില്‍  ലോങ് ഓണില്‍ സ്റ്റാര്‍ക്കിന് ക്യാച്ച്. ബൗണ്ടറി ലൈനില്‍ ക്യാച്ചെടുത്തത് അഷ്ടണ്‍ അഗര്‍ ആയിരുന്നെങ്കിലും ബൗണ്ടറി ലൈനില്‍ നിയന്ത്രണം വിട്ടതോടെ പന്ത് സ്റ്റാര്‍ക്കിന് കൈമാറുകയായിരുന്നു. രാഹുല്‍- കോലി സഖ്യം 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോലിക്ക് പകരമെത്തിയ മനീഷ് പാണ്ഡെയ്ക്കും തിളങ്ങാന്‍ സാധിച്ചില്ല. നാല് പന്ത് നേരിട്ട് രണ്ട് റണ്‍സെടുത്ത പാണ്ഡെ റിച്ചാര്‍ഡ്‌സണിന്റെ പന്തില്‍ അഗറിന് ക്യാച്ച് നല്‍കി.

ക്ലാസി രാഹുല്‍, പിന്തുണ നല്‍കി ജഡേജ

India vs Australia India beat Australia by 36 Runs to level series 1-1സ്ഥാനം മാറി ഇറങ്ങിയ രാഹുലിന്റേത് ക്ലാസിക് ഇന്നിംഗ്സായിരുന്നു. 52 പന്തുകള്‍ നേരിട്ട് താരം മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് ഇത്രയും റണ്‍സെടുത്തത്. വാലറ്റത്ത് ജഡേജ ഉറച്ച് പിന്തുണ നല്‍കിയതോടെ ഇന്ത്യയുടെ സ്‌കോര്‍ 350ന് അടുത്തെത്തി. അവസാന ഓവറില്‍ രാഹുല്‍ റണ്ണൗട്ടാവുകയായിരുന്നു. ഇരുവരും 58 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ജഡേജ 16 പന്തില്‍ 20 റണ്‍സുമായി പുറത്താവാതെ നിന്നു. ഷമി ഒരു റണ്‍ നേടി ക്രീസിലുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios