കട്ടക്ക്: തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്ന തിരിച്ചറിവില്‍ നാളെ ജീവന്‍മരണ പോരാട്ടത്തിന് ഓസീസിനെതിരെ ഇന്ത്യ ഇറങ്ങുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാല്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നുറപ്പ്. കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്താനായി കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലി കട്ടക്കില്‍ പരീക്ഷണത്തിന് മുതിരില്ലെന്നാണ് സൂചന. രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെയാകും കട്ടക്കിലും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.

ഋഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാല്‍ കെ എല്‍ രാഹുലിനെ സ്വാഭാവികമായും വിക്കറ്റ് കീപ്പറായിഅന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താനുമാവും. എന്നാല്‍ രാഹുലിന്റെ ബാറ്റിംഗ് പൊസിഷന്‍ സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ കോലിക്ക് ശേഷം നാലാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. ശ്രേയസ് അയ്യര്‍ അഞ്ചാമനായി എത്തുമ്പോള്‍ മനീഷ് പാണ്ഡെയും അന്തിമ ഇലവനില്‍ കളിക്കും. ജഡേജ ബൗളിംഗ് ഓള്‍ റൗണ്ടറായി ഏഴാം നമ്പറിലെത്തും.

ബൗളിംഗ് നിരയിലും കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആദ്യ മത്സരത്തില്‍ നിറം മങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം നവദീപ് സെയ്നി ബൗളിംഗ് നിരയില്‍ എത്തും. ആദ്യ മത്സരത്തില്‍ ബൗളിംഗില്‍ നിരാശപ്പെടുത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലും അന്തിമ ഇലവനില്‍ കളിച്ചേക്കും. സെയ്നിക്കൊപ്പം ഷമിയും ബുമ്രയും പേസര്‍മാരായി തുടരും.