രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യക്ക് അടുത്ത തിരിച്ചടി. മുംബൈ ഏകദിനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് രാജ്കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ കളിക്കില്ല.

വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന്‍റെ 44-ാം ഓവറിലാണ് പന്തിന് പരിക്കേറ്റത്. ഓസീസ് സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ ബൗണ്‍സര്‍ അടിച്ചകറ്റാനുള്ള ശ്രമിത്തിനിടെ ബോള്‍ ബാറ്റില്‍ കൊണ്ടശേഷം ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു. ഈ പന്തില്‍ ആഷ്‌ടണ്‍ ടര്‍ണര്‍ പിടിച്ച് ഋഷഭ് പുറത്താവുകയും ചെയ്തു. 33 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറുകളും അടക്കം 28 റണ്‍സാണ് ഋഷഭ് നേടിയത്.

ബാറ്റിംഗിനുശേഷം ഫീല്‍ഡിലിറങ്ങാതിരുന്ന പന്തിന് പകരക്കാരനായി കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി മനീഷ് പാണ്ഡയാണ് ഫീല്‍ഡിംഗിന് ഇറങ്ങിയത്. പന്തിന് പകരം കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാവുകയും ചെയ്തു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുളള പന്ത് ബംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ ചികിത്സകള്‍ക്ക് വിധേയനാവും.

ഇന്നലെ രാത്രി പന്തിനെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. സ്കാന്‍ റിപ്പോര്‍ട്ടില്‍ പരിക്ക് ഗുരുതരമല്ലെങ്കിലും മുന്‍കരുതലെന്ന നിലയ്ക്കാണ് പന്തിനെ രണ്ടാം മത്സരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മൂന്നാം ഏകദിനത്തില്‍ പന്ത് കളിക്കുമോ എന്നകാര്യം ശാരീരികക്ഷമത വീണ്ടെടുക്കുന്നതിന് അനുസരിച്ച് മാത്രമെ പറയാനാവൂ എന്നും ബിസിസിഐ വ്യക്തമാക്കി.

ഋഷഭിന് പകരം വാംഖഡെയില്‍ കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞത്. അടുത്ത മത്സരത്തില്‍ പന്തിന് കളിക്കാനാകാതെ വന്നാല്‍ മുന്‍നിര ബാറ്റ്സ്‌മാനായ രാഹുലിന്‍റെ ജോലിഭാരം കൂടും. എന്നാല്‍ പന്ത് കളിക്കാത്ത സാഹചര്യത്തില്‍ രാഹുലിനെ സ്വാഭാവികമായും അന്തിമ ഇലവനില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇന്ത്യക്കാവുകയും ചെയ്യും. ആദ്യ മത്സരത്തില്‍ രാഹുലിനെ ഉള്‍ക്കൊള്ളിക്കാനായി ക്യാപ്റ്റന്‍ വിരാട് കോലി നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയത് വന്‍ വിമര്‍ശനത്തിന് കാരണമായിരുന്നു.