മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിംഗിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ. ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപയാണ് കോലിയെ മുംബൈ ഏകദിനത്തില്‍ വീഴ്ത്തിയത്. സാംപയ്ക്കെതിരെ സിക്സറടിച്ചതിന്  പിന്നാലെയായിരുന്നു കോലി റിട്ടേണ്‍ ക്യാച്ച് നല്‍കി പുറത്തായത്.  

ഏകദിനത്തില്‍ തുടര്‍ച്ചയായി നാലാം തവണയാണ് സാംപയ്ക്ക് മുന്നില്‍ കോലി വീഴുന്നത്. എന്നാല്‍ സാംപയോടുള്ള ബഹുമാനക്കുറവാണ് കോലിയെ വീഴ്ത്തിയതെന്ന് കമന്ററിക്കിടെ സ്റ്റീവ് വോ പറഞ്ഞു. സാംപയെ വേണ്ടത്ര ബഹുമാനിച്ച് കളിച്ചിരുന്നെങ്കില്‍ കോലിക്ക് വിക്കറ്റ് നഷ്ടമാവില്ലായിരുന്നുവെന്നും വോ പറഞ്ഞു.

എന്നാല്‍ സാംപയുടെ ബൗളിംഗിനെ അഭിനന്ദിച്ച് ഏകദിന പരമ്പരക്ക് മുമ്പ് തന്നെ കോലി രംഗത്ത് വന്നിരുന്നു. സമീപകാലത്തായി ഓസീസ് ഏകദിന ടീമില്‍ സ്ഥിരാംഗമല്ലാതിരുന്ന സാംപയെ ഇന്ത്യന്‍ പരമ്പരക്കുള്ള ടീമില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സാംപയുടെ ബൗളിംഗ് മികവിനെ കോലി പുകഴ്ത്തിയത്.

സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച് ബൗള്‍ ചെയ്യുതാണ് സാംപയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് കോലി മത്സരത്തിന് മുമ്പ് പറഞ്ഞിരുന്നു. ബൗണ്ടറികള്‍ അടിച്ചാലും ബാറ്റ്സ്മാനെ പുറത്താക്കാനുള്ള ശ്രമത്തില്‍ നിന്ന് സാംപ പിന്‍മാറില്ലെന്നും റിസ്റ്റ് സ്പിന്നര്‍ എന്ന നിലയ്ക്ക് അത് പ്രധാനമാണെന്നും കോലി പറഞ്ഞിരുന്നു