തുടക്കത്തിലെ തകര്‍ച്ചക്കുശേഷം മുഷ്ഫീഖുര്‍ റഹീമിലുടെ കരകയറാമെന്ന് ബംഗ്ലാദേശ് പ്രതീക്ഷിച്ചിരിക്കെ ചായക്ക് തൊട്ടു മുമ്പ് മുഷ്ഫീഖുറിനെയും മെഹ്ദി ഹസനെയും തുടര്‍ച്ചയായ പന്തുകളില്‍ വീഴ്ത്തി ഷമി ബംഗ്ലാദേശിന്റെ അവസാന പ്രതീക്ഷയും തകര്‍ത്തു.
ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം തന്നെ ഇന്ത്യ മേല്‍ക്കൈ നേടിയപ്പോള്‍ ശ്രദ്ധേയമായത് പേസ് ബൗളര്‍മാരുടെ പ്രകടനമായിരുന്നു. ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും മുഹമ്മദ് ഷമിയും പന്തെറിഞ്ഞ് തകര്‍ത്തപ്പോള്‍ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 150 റണ്‍സില്‍ ഒതുങ്ങി.
പേസര്‍മാരില്‍ ഷമിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം മുഷ്ഫീഖുര്‍ റഹീമിലുടെ കരകയറാമെന്ന് ബംഗ്ലാദേശ് പ്രതീക്ഷിച്ചിരിക്കെ ചായക്ക് തൊട്ടു മുമ്പ് മുഷ്ഫീഖുറിനെയും മെഹ്ദി ഹസനെയും തുടര്‍ച്ചയായ പന്തുകളില്‍ വീഴ്ത്തി ഷമി ബംഗ്ലാദേശിന്റെ അവസാന പ്രതീക്ഷയും തകര്‍ത്തു. ലോകകപ്പില്‍ ഹാട്രിക്ക് നേടിയ ഷമി ടെസ്റ്റിലും ഹാട്രിക്കിന് തൊട്ടടുത്ത് എത്തിയെങ്കിലും തൈജുള്‍ ഇസ്ലാം ഷമിയെ ഫലപ്രദമായി പ്രതിരോധിച്ചതോടെ ഹാട്രിക്ക് നഷ്ടമായി.
എന്നാല്‍ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയിട്ടും ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലെത്തിയ കാണികള്‍ വിരാട് കോലിയുടെ പേര് പറഞ്ഞ് ഗ്യാലറിയിലിരുന്ന് കൈയടിച്ചപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രതികരണവും ശ്രദ്ധേയമായി. എനിക്കല്ല, നിങ്ങള്‍ ഷമിക്ക് കൈയടിക്കൂ എന്ന് ഗ്യാലറിയിലെ കാണികളെ ചൂണ്ടി കോലി പറയുകയും ചെയ്തു. മത്സരത്തില്‍ 27 രണ്‍സ് വഴങ്ങി ഷമി മൂന്ന് വിക്കറ്റെടുത്തു. 43 റണ്‍സെടുത്ത റഹീം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.
