ദില്ലി: 'ഇന്ത്യയില്‍ വന്ന് ടീം ഇന്ത്യയെ കീഴടക്കുന്നതിനേക്കാള്‍ വലിയ സന്തോഷമില്ല'. ദില്ലി ടി20യിലെ ചരിത്ര ജയത്തിന് ശേഷം ബംഗ്ലാ വിജയശില്‍പി മുഷ്‌ഫീഖുര്‍ റഹീമിന്‍റെ വാക്കുകളാണിത്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും കരുത്തുറ്റ ടീമാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ അടിയറവുപറഞ്ഞത്. അതിനാല്‍ ഇന്ത്യന്‍ തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

'കൈവിട്ട' കളിയും ഡിആര്‍‌എസ് പാളിച്ചകളും

ബംഗ്ലാ കടുവകള്‍ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യ തോറ്റതിന്‍റെ കാരണത്തെക്കുറിച്ച് നായകന്‍ രോഹിത് ശര്‍മ്മ പറയുന്നതിങ്ങനെ. "ബംഗ്ലാദേശില്‍ നിന്ന് ക്രഡിറ്റ് തട്ടിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ ഇന്നിംഗ്‌സിന്‍റെ തുടക്കം മുതല്‍ തങ്ങള്‍ക്ക് മുകളില്‍ അവര്‍ സമ്മര്‍ദമുണ്ടാക്കി. വിജയിക്കാനാവുന്ന സ‌കോറാണ് ടീം ഇന്ത്യ നേടിയത്. എന്നാല്‍ ഫീല്‍ഡിംഗില്‍ വന്ന പാളിച്ചകള്‍ തിരിച്ചടിയായി. യുവ താരങ്ങള്‍ക്ക് പരിചയസമ്പത്തിന്‍റെ കുറവുണ്ട്. അടുത്ത മത്സരത്തില്‍ വീഴ്‌ചകള്‍ ആവര്‍ത്തിക്കില്ല എന്നാണ് പ്രതീക്ഷ"യെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. 

ബംഗ്ലാദേശിന്‍റെ വിജയശില്‍പിയായ മുഷ്‌ഫീഖുര്‍ റഹീമിനെതിരെ ഒരു ഓവറില്‍ രണ്ട് റിവ്യൂ അവസരങ്ങള്‍ക്ക് ഇന്ത്യ ശ്രമിക്കാതിരുന്നതും തിരിച്ചടിയായി. അതിനെക്കുറിച്ച് ഹിറ്റ്‌മാന്‍റെ പ്രതികരണമിങ്ങനെ. "റിവ്യു അവസരങ്ങള്‍ നഷ്‌ടപ്പെടുത്തിയത് നമുക്ക് പറ്റിയ വീഴ്‌ചയാണ്. ആദ്യ പന്തില്‍ മുഷ്‌ഫീഖുര്‍ ബാക്ക്‌ഫൂട്ടില്‍ കളിച്ചപ്പോള്‍ പന്ത് ലെഗ് സ്റ്റംപിന് പുറത്തുപോകും എന്നാണ് കരുതിയത്. ഫ്രണ്ട്‌ഫൂട്ടില്‍ അടുത്ത പന്ത് കളിച്ചപ്പോള്‍ മുഷ്‌ഫീഖുറിന് ഉയരം കുറവാണ് എന്ന കാര്യം മറന്നതായും" രോഹിത് സമ്മതിച്ചു. 

എന്നാല്‍ ഓഗസ്റ്റിന് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ ലെഗ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ പ്രകടനത്തില്‍ രോഹിത് സന്തോഷം പ്രകടിപ്പിച്ചു. "ടി20 ടീമില്‍ എപ്പോഴും ചാഹലിന് ഇടമുണ്ട്. കുട്ടി ക്രിക്കറ്റില്‍ അദേഹത്തിന്‍റെ സാന്നിധ്യം നിര്‍ണായകമാണ്. മധ്യഓവറുകളില്‍ താന്‍ എത്രത്തോളം പ്രധാനമാണ് എന്ന് കാട്ടി. ബാറ്റ്സ്‌മാന്‍മാര്‍ നിലയുറപ്പിച്ചിരിക്കുന്ന ഘട്ടത്തില്‍ എന്താണ് പ്രയോഗിക്കേണ്ടത് എന്ന് നന്നായി അറിയാവുന്നയാള്‍. ക്യാപ്റ്റന് കാര്യങ്ങള്‍ അനായാസമാക്കുന്ന താരമാണ് ചാഹല്‍" എന്നും രോഹിത് വ്യക്തമാക്കി. 

ബംഗ്ലാദേശിന്‍റെത് ചരിത്ര ജയം

ദില്ലിയില്‍ ഏഴ് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റിന് 148 റണ്‍സ് നേടി. 41 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ബംഗ്ലാ കടുവകള്‍ വിജയിച്ചു. 43 പന്തില്‍ 60 റണ്‍സെടുത്ത മുഷ്‌ഫീഖുര്‍ റഹീമാണ് ടോപ് സ്‌കോറര്‍. നാല് ഓവര്‍ എറിഞ്ഞ യുസ്‌വേന്ദ്ര ചാഹല്‍ 24 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി.