ലോർഡ്സിൽ മൂന്നാം പോരിനിറങ്ങുമ്പോൾ ഇരുടീമിലും മാറ്റം ഉറപ്പാണ്. എഡ്ജ്ബാസ്റ്റണിൽ വിശ്രമം അനുവദിച്ച ലോക ഒന്നാം നമ്പർ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യൻ നിരയിൽ തിരിച്ചെത്തുമെന്ന് രണ്ടാം ടെസ്റ്റിനുശേഷം തന്നെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ വ്യക്തമാക്കിയിരുന്നു.

ലോര്‍ഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ലോർഡ്സിൽ തുടക്കമാവും. ഇന്ത്യയും ഇംഗ്ലണ്ടും ഓരോ ടെസ്റ്റുകൾ ജയിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്. എഡ്ജ്ബാസ്റ്റണിൽ ചരിത്രവിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ലോര്‍ഡ്സില്‍ ഇറങ്ങുന്നതെങ്കില്‍ വിജയവഴിയിൽ തിരിച്ചെത്താനാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്. ബാറ്റർമാരും ബൗളർമാരും ഒരുപോലെ തിളങ്ങിയപ്പോൾ 336 റൺസിനായിരുന്നു രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ജയം. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ജയിച്ചതാകട്ടെ അഞ്ച് വിക്കറ്റിനും.

ലോർഡ്സിൽ മൂന്നാം പോരിനിറങ്ങുമ്പോൾ ഇരുടീമിലും മാറ്റം ഉറപ്പാണ്. എഡ്ജ്ബാസ്റ്റണിൽ വിശ്രമം അനുവദിച്ച ലോക ഒന്നാം നമ്പർ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യൻ നിരയിൽ തിരിച്ചെത്തുമെന്ന് രണ്ടാം ടെസ്റ്റിനുശേഷം തന്നെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ വ്യക്തമാക്കിയിരുന്നു. ബുമ്രയ്ക്ക് പകരം ടീമിലെത്തിയ ആകാശ് ദീപ് 10 വിക്കറ്റുമായി തിളങ്ങിയതിനാൽ ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ പ്രസിദ്ധ് കൃഷ്ണയ്ക്കാവും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമാവുക എന്നാണ് കരുതുന്നത്.

ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ മലയാളിതാരം താരം കരുൺ നായരും രണ്ടാം ടെസ്റ്റില്‍ തിളങ്ങാതിരുന്ന നിതീഷ് കുമാർ റെഡ്ഡിയും നാളെ പുറത്ത് ഇരിക്കേണ്ടിവരുമെന്നാണ് സൂചന. രണ്ടാം ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും ബാറ്റിംഗിൽ പരാജയപ്പെട്ട നിതീഷിന് പന്തെറിയാനും അവസരം നൽകിയില്ല. നിതീഷിന് പകരം അർഷ്ദീപ് സിംഗോ കുൽദീപ് യാദവോ ടീമിലെത്തിയേക്കുമെന്നാണ് കരുതുന്നത്. രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും സ്പിന്നർമാരായി ഇലവനിലുള്ളതിനാൽ സാധ്യത കൂടുതൽ അർഷ്ദീപിന്‍റെ അരങ്ങേറ്റത്തിനാണ്.

കരുണിന് പകരം സായ് സുദർശൻ ഇലവനിലേക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്. സായ് സുദര്‍ശനൊപ്പം അഭിമന്യൂ ഈശ്വരനും ധ്രുവ് ജുറലും ടീം മാനേജ്മെന്‍റിന്‍റെ പരിഗണനയിലുണ്ട്. ആദ്യ രണ്ട് ടെസ്റ്റിൽ മൂന്ന് സെഞ്ച്വറി നേടിയ ശുഭ്മൻ ഗിൽ തന്നെയാവും ബാറ്റിംഗ് നിരയിലെ ശ്രദ്ധാകേന്ദ്രം. മറുവശത്ത് ഫാസ്റ്റ് ബൗളിംഗ് നിരയ്ക്ക് കരുത്തുപകരാൻ ഇംഗ്ലണ്ട് നിരയില്‍ ഗുസ് അറ്റ്കിൻസണും ജോഫ്ര ആർച്ചറും തിരിച്ചെത്തിയേക്കും. ഇരുവരും പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ സ്ഥാനം നഷ്ടമാവുക ബ്രൈഡൻ കാർസിനും ജോഷ് ടങിനുമാവും. 

എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ലോർഡ്സിലെ പിച്ചിലേക്കാണ്. എഡ്ജ്ബാസ്റ്റണിൽ നിന്ന് വ്യത്യസ്തമായി മൂന്നാം ടെസ്റ്റിന് പേസും ബൗൺസും സ്വിംഗുമുള്ള വിക്കറ്റ് ഒരുക്കണമെന്ന് ഇംഗ്ലണ്ട് കോച്ച് ബ്രണ്ടൻ മക്കല്ലം ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ ലോർഡ്സിൽ ഇന്ത്യൻ ബാറ്റർമാരെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാവും.