Asianet News MalayalamAsianet News Malayalam

നൂറാം ടെസ്റ്റില്‍ ഇശാന്ത് ആഘോഷം തുടങ്ങി; ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്‌ടം

നൂറാം ടെസ്റ്റ് കളിക്കുന്ന പേസര്‍ ഇശാന്ത് ശര്‍മ്മ ഓപ്പണര്‍ ഡൊമനിക് സിബ്ലിയെ രണ്ടാം സ്ലിപ്പില്‍ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു.

India vs England Pink ball test Ishant Sharma took early wicket in his 100th test
Author
Ahmedabad, First Published Feb 24, 2021, 2:57 PM IST

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്‌ടം. നൂറാം ടെസ്റ്റ് കളിക്കുന്ന പേസര്‍ ഇശാന്ത് ശര്‍മ്മ ഓപ്പണര്‍ ഡൊമനിക് സിബ്ലിയെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ രണ്ടാം സ്ലിപ്പില്‍ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. സിബ്ലി അക്കൗണ്ട് തുറന്നില്ല. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 18/1 എന്ന നിലയിലാണ്. സാക്ക് ക്രൗലിയും(15), ജോണി ബെയര്‍സ്റ്റോയുമാണ്(0*) ക്രീസില്‍. 

മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത്. കൂടുതല്‍ സ്വിങ് ലഭിക്കും എന്ന് കരുതുന്ന പിങ്ക് പന്തില്‍ രണ്ട് പേസര്‍മാരെ മാത്രമേ ടീം ഇന്ത്യ കളിപ്പിക്കുന്നുള്ളൂ. അതേസമയം ഇംഗ്ലണ്ടിന് ഒരു സ്‌പിന്നറേയുള്ളൂ. 

പരിക്ക് മാറിയെത്തിയ പേസര്‍ ഉമേഷ് യാദവ് ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടംപിടിച്ചില്ല. മുഹമ്മദ് സിറാജിന് പകരം ജസ്‌പ്രീത് ബുമ്രയും കുല്‍ദീപ് യാദവിന് പകരം വാഷിംഗ്‌ടണ്‍ സുന്ദറും ടീമിലെത്തി. ഇശാന്ത് ശര്‍മ്മയാണ് മറ്റൊരു പേസര്‍. ബാറ്റിംഗ് നിരയില്‍ മാറ്റമില്ല. അതേസമയം പേസര്‍മാരായ ജോഫ്ര ആര്‍ച്ചറും ജയിംസ് ആന്‍ഡേഴ്‌സണും തിരിച്ചെത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഇംഗ്ലണ്ട് നിലനിര്‍ത്തി. ജോണി ബെയര്‍സ്റ്റോയും സാക്ക് ക്രൗലിയുമാണ് തിരിച്ചെത്തിയ മറ്റ് താരങ്ങള്‍. ജാക്ക് ലീച്ച് ഏക സ്‌പിന്നര്‍.  

ഇന്ത്യ വേദിയാവുന്ന രണ്ടാമത്തെ മാത്രം പകല്‍-രാത്രി ടെസ്റ്റാണിത്. മൊട്ടേറയിൽ ജയം മാത്രമല്ല ടീം ഇന്ത്യയുടെ ലക്ഷ്യം. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കൂടി കോലിപ്പട നോട്ടമിടുന്നുണ്ട്. ഓരോ ടെസ്റ്റ് ജയിച്ച് ഇന്ത്യയും ഇംഗ്ലണ്ടും നാല് മത്സരങ്ങളുടെ പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്. പരമ്പര 2-1നോ 3-1നോ നേടിയാൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തും. ഇംഗ്ലണ്ടിന് ഇനിയുള്ള രണ്ട് ടെസ്റ്റും ജയിച്ചാലേ സാധ്യതയുള്ളൂ.  

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി(നായകന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഇശാന്ത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര. 

ഇംഗ്ലണ്ട് ടീം: ഡൊമിനിക്ക് സിബ്ലി, സാക്ക് ക്രൗലി, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്(നായകന്‍), ബെന്‍ സ്റ്റോക്‌സ്, ഒല്ലീ പോപ്, ബെന്‍ ഫോക്‌സ്(വിക്കറ്റ് കീപ്പര്‍), ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍. 

Follow Us:
Download App:
  • android
  • ios