ക്രൈസ്റ്റ്ചര്‍ച്ച്: സൂപ്പര്‍ താരം ട്രെന്‍ന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസനും ഇല്ലാതെ ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്. ഇരുവര്‍ക്കും പരിക്കേറ്റതോടെ 32കാരനായ പേസര്‍ ഹാമിഷ് ബെന്നറ്റിനെ ന്യൂസിലന്‍ഡ് ടീമിലുള്‍പ്പെടുത്തി. 2017ലാണ് ബെന്നറ്റ്  അവസാനമായി കിവീസിനായി കളിച്ചത്.

ബോള്‍ട്ടിന്റെ അഭാവത്തില്‍ ടിം സൗത്തിയാണ് കിവീസ് പേസ് പടയെ നയിക്കുന്നത്. ബ്ലെയര്‍ ടിക്‌നര്‍, സ്കോട്ട് കുഗ്ലെജന്‍ എന്നിവരാണ് ബെന്നറ്റിന് പുറമെ ടീമിലെ പേസര്‍മാര്‍. മിച്ചല്‍ സാന്റ്നറും ഇഷ് സോധിയും സ്പിന്നര്‍മാരായി ടീമിലുണ്ട്. ബോള്‍ട്ടിനും ഫെര്‍ഗൂസനും പുറമെ പേസര്‍മാരായ മാറ്റ് ഹെന്‍റി, ഡഗ് ബ്രേസ്‌വെല്‍, ആദം മില്‍നെ എന്നിവരും പരിക്കിന്റെ പിടിയിലായതാണ് കിവീസിന് തിരിച്ചടിയായത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സംര ഈ മാസം 24നാണ്.

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യാംസണ്‍(ക്യാപ്റ്റന്‍), ഹാമിഷ് ബെന്നറ്റ്, ടോം ബ്രൂസ്, കോളിന്‍ ഡി ഗ്രാന്‍ഹോമെ, മാര്‍ട്ടിന്‍ ഗപ്ടില്‍, സ്കോട്ട് കുഗ്ലെജന്‍, ഡാരില്‍ മിച്ചല്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ബ്ലെയര്‍ ടിക്‌നര്‍, മിച്ചല്‍ സാന്റ്നര്‍, ടിം സീഫര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി.