ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ന്യൂസിലന്‍ഡ് ടീമിനെ കളിയാക്കി മുന്‍ പാക് താരം ഷൊയൈബ് അക്തര്‍. ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരവും ന്യൂസിലന്‍ഡ് തോറ്റ രീതിയെയാണ് അക്തര്‍ വിമര്‍ശിച്ചത്.

വിഡ്ഢിത്തം എന്നു മാത്രമെ ന്യൂസിലന്‍ഡിന്റെ പ്രകടനത്തെക്കുറിച്ച് പറയാനാവു. ന്യൂസിലന്‍ഡ് താരങ്ങളെ വിളിച്ച് പറയണം, കുട്ടികളെ, ഇങ്ങനെയാണ് കളിക്കേണ്ടത്. ഇങ്ങനെയാണ് സിംഗിളുകള്‍ എടുക്കേണ്ടത്., ഇങ്ങനെയാണ് റണ്‍സ് സ്കോര്‍ ചെയ്യേണ്ടത് എന്നെല്ലാം. ഒരോവറില്‍ മൂന്ന് വിക്കറ്റുകള്‍ വലിച്ചെറിയുന്ന ടീം എന്താണ് ചെയ്യുന്നത്. അവസാന മത്സരത്തിലും അവര്‍ അത് തന്നെ ചെയ്തു. അവരെന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.

സീഫര്‍ട്ടും ടെയ്‌ലറും ഫിഫ്റ്റി അടിച്ചു എന്നത് ശരിതന്നെ. പക്ഷെ ടെയ്‌ലറെ പോലെ സീനിയറായ ഒരു താരം ഇത്തരത്തിലാണ് മത്സരം ഫിനിഷ് ചെയ്യുന്നത് എന്ന് കാണുന്നത് ശരിക്കും വേദനാജനകമാണ്. വെറും വിഡ്ഢിത്തമാണ് അവര്‍ കാണിക്കുന്നത്. അവര്‍ ഈ നിലവാരമുള്ള ക്രിക്കറ്റ് കളിക്കുന്നത് കാണുമ്പോള്‍ എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ട്. കുട്ടികളെ പോലെയാണ് അവര്‍ കളിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ കുട്ടികള്‍ പോലും ഇങ്ങനെ കളിക്കില്ല.

40 പന്തില്‍ 50 റണ്‍സെടുക്കാനാവില്ലെന്ന് പറയുന്നത് ബുദ്ധിശൂന്യത എന്നല്ലാതെ മറ്റെന്താണ് പറയുക. എന്റെ വാക്കുകള്‍ അല്‍പം കടുത്തുപോയി എന്നറിയാം. എങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ ഇങ്ങനെ ഒരു ടീം തോല്‍ക്കുന്നത് കാണാനാവുന്നില്ലെന്നും അക്തര്‍ പറ‌ഞ്ഞു. അഞ്ചാം ടി20യില്‍ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് പതിമൂന്നാം ഓവറില്‍ 116/3 എന്ന ശക്തമായ നിലയിലെത്തിയിട്ടും 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതിനെയാണ് അക്തര്‍ ശക്തമായി വിമര്‍ശിച്ചത്.