കറാച്ചി: ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായി അരങ്ങേറി അടിച്ചു തകര്‍ക്കുന്ന രോഹിത് ശര്‍മ പ്രതികാരം തീര്‍ക്കുകയാണെന്ന് മുന്‍ പാക് താരം ഷൊയൈബ് അക്തര്‍. ഇത്രകാലം ടെസ്റ്റില്‍ തിളങ്ങാനാവാതിരുന്നതിന് രോഹിത് സ്വയം പ്രതികാരം തീര്‍ക്കുന്നതാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കാണുന്നതെന്നും അക്തര്‍ പറഞ്ഞു.

ഇപ്പോള്‍ രോഹിത് മഹാനായ ബാറ്റ്സ്മാനാണെന്ന് എല്ലാവരും അംഗീകരിക്കും. ഏകദിന ക്രിക്കറ്റില്‍ റണ്‍സടിച്ചുകൂട്ടിയിട്ടും രോഹിത്തിന് ടെസ്റ്റില്‍ കാര്യമായി തിളങ്ങാനാവാതിരുന്നത് രോഹിത്തിനെ ശരിക്കും അലട്ടിയിരിക്കാം. ഇപ്പോഴാണ് ടെസ്റ്റിലെ കഴിവുകള്‍ അദ്ദേഹം സ്വയം തിരിച്ചറിയുന്നത്. ഏകദിന ശൈലിയില്‍ ടെസ്റ്റിലും ബാറ്റ് ചെയ്യാമെന്ന്. ഏകദിനശൈലിയില്‍ സിക്സറുകള്‍ അടിക്കാമെന്നും റണ്‍സടിച്ചുകൂട്ടാമെന്നും.

അതുകൊണ്ടുതന്നെ ഇത് രോഹിത് തന്നോട് തന്നെ പ്രതികാരം തീര്‍ക്കുന്നതാണെന്നാണ് തോന്നുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം ടെസ്റ്റില്‍ കളിക്കാതിരുന്നതിന്റെ ക്ഷീണം തീര്‍ക്കുകയാണ് രോഹിത്ത് ഇപ്പോള്‍. രോഹിത് ഇതാ ടെസ്റ്റിലും അവതരിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ടെസ്റ്റിലും രോഹിത് വലിയാ ബ്രാന്‍ഡ് ആവുമെന്നും അക്തര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒറു ഡബിള്‍ സെഞ്ചുറി ഉള്‍പ്പെടെ മൂന്ന് സെഞ്ചുറികള്‍ നേടിയ രോഹിത് 500ലേറെ റണ്‍സ് അടിച്ച് റെക്കോര്‍ഡിട്ടിരുന്നു.