അഞ്ചാം ഓവര്‍ എറിയാനെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ അഞ്ചാം പന്തില്‍ ഫെര്‍ണാണ്ടോയെ മിഡ് ഓഫില്‍ നവദീപ് സെയ്നിയുടെ കൈകകളിലെത്തിച്ച് ലങ്കയ്ക്ക് ആദ്യ പ്രഹരമേല്‍പിച്ചു.

ഇന്‍ഡോര്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ലങ്കക്കായി ഓപ്പണിംഗ് വിക്കറ്റില്‍ ധനുഷ്ക ഗുണതിലകയും അവിഷ്ക ഫെര്‍ണാണ്ടോയും ചേര്‍ന്ന് 4.5 ഓവറില്‍ 38 റണ്‍സടിച്ചു. അഞ്ചാം ഓവര്‍ എറിയാനെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ അഞ്ചാം പന്തില്‍ ഫെര്‍ണാണ്ടോയെ മിഡ് ഓഫില്‍ നവദീപ് സെയ്നിയുടെ കൈകകളിലെത്തിച്ച് ലങ്കയ്ക്ക് ആദ്യ പ്രഹരമേല്‍പിച്ചു.

16 പന്തില്‍ 22 റണ്‍സായിരുന്നു ഫെര്‍ണാണ്ടോയുടെ നേട്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യക്കെതിരെ ലങ്ക ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെടുത്തിട്ടുണ്ട്. 20 റണ്‍സുമായി ഗുണതിലകയും ആറ് റണ്‍സുമായി കുശാല്‍ പെരേരയുമാണ് ക്രീസില്‍. മഴ മൂലം ആദ്യ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ആദ്യമത്സരത്തിലെ ടീമില്‍ ഇരു ടീമുകളും മാറ്റമൊന്നും വരുത്തിയിട്ടില്ല. ബാറ്റിംഗിനെ തുണക്കുന്ന പിച്ചില്‍ രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞു വീഴ്ച പ്രശ്നമാകാന്‍ സാധ്യതയുണ്ട്.

ഓപ്പണര്‍ സ്ഥാനത്ത് മടങ്ങിയെത്തുന്ന ശിഖര്‍ ധവാന് ഈ മത്സരം ഏറെ നിര്‍ണായകമാണ്. അവസാനം കളിച്ച 12 ടി20 മത്സരങ്ങളില്‍ 272 റണ്‍സ് മാത്രമാണ് ധവാന്റെ സമ്പാദ്യം. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ തിളങ്ങാനായില്ലെങ്കില്‍ ധവാന്റെ ടി20 ടീമിലെ സ്ഥാനം തന്നെ സംശയത്തിലാകും.