ഇന്‍ഡോറില്‍ രാത്രി ഏഴുമണിക്കാണ് മത്സരം. ഗുവാഹത്തിയിലെ ആദ്യ ടി20 മഴ കാരണം ഉപേക്ഷിച്ചിരുന്നു. 

ഇന്‍ഡോര്‍: ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ രണ്ടാം ട്വന്‍റി 20 ഇന്ന് നടക്കും. ഇന്‍ഡോറില്‍ രാത്രി ഏഴുമണിക്കാണ് മത്സരം. ഗുവാഹത്തിയിലെ ആദ്യ ടി20 മഴ കാരണം ഉപേക്ഷിച്ചിരുന്നു. പരിക്ക് ഭേദമായി തിരിച്ചുവരുന്ന ജസ്‌പ്രീത് ബുമ്രയും ലോകകപ്പ് ടീമിൽ രണ്ടാം ഓപ്പണറാകാന്‍ ശ്രമിക്കുന്ന ശിഖര്‍ ധവാനുമാണ് ശ്രദ്ധാകേന്ദ്രം.

ഇന്ത്യന്‍ ടീമിലുള്ള സഞ്ജു സാംസണെ തുടര്‍ച്ചയായ എട്ടാം മത്സരത്തിലും അവഗണിക്കുമെന്നാണ് സൂചന. പരമ്പരയിൽ ആകെ മൂന്ന് മത്സരങ്ങളാണുള്ളത്.

ഗുവാഹത്തിയില്‍ ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ കനത്ത മഴയില്‍ ഔട്ട്‌ഫീല്‍ഡും പിച്ചും കുതിര്‍ന്നതിനാല്‍ ഒറ്റ പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഗ്രൗണ്ടിലെ മോശം സജ്ജീകരണങ്ങളാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണം എന്ന് പിന്നാലെ ആരോപണമുയര്‍ന്നു. എന്നാല്‍ മത്സരം ഉപേക്ഷിക്കുന്നതായി അറിയിപ്പ് വരുന്നതിന് മുന്‍പ് തന്നെ താരങ്ങള്‍ സ്റ്റേഡിയം വിട്ടതായി അസം ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേവ്‌ജിത് സൈക്യ വെളിപ്പെടുത്തിയിരുന്നു.