പൂനെ: ശ്രീലങ്കക്കെതിരായ ടി20 പരമ്പര നേടിയശേഷം കിരീടവുമായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ആരാധകരില്‍ ആകാംക്ഷയുണര്‍ത്തിയ കാര്യം മലയാളി താരം സഞ്ജു സാംസണിന്റെ അസാന്നിധ്യമായിരുന്നു. ഗ്രൂപ്പ് ഫോട്ടോയില്‍ സഞ്ദു എവിടെ എന്ന ചോദ്യവുമായി നിരവധി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ ഒടുവില്‍ ആ സസ്പെന്‍സ് പൊളിച്ചത് ഇന്ത്യന്‍ ഓപ്പണറായ മായങ്ക് അഗര്‍വാളായിരുന്നു. ന്യൂസിലന്‍ഡ് പര്യടനത്തിന് പോവുന്ന ഇന്ത്യന്‍ എ ടീമിനൊപ്പം ചേരാനായി മത്സരം കഴിഞ്ഞ ഉടന്‍ സഞ്ജു ഡല്‍ഹിക്ക് വിമാനം കയറിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ നിന്ന് മായങ്ക് എടുത്ത വിമാന സെല്‍ഫിയില്‍ സഞ്ജുവിനെയും കണ്ടതോടെയാണ് ആരാകര്‍ക്ക് ആശ്വാസമായത്. ഈ മാസം 17നാണ് ന്യൂസിലന്‍ഡിനെതിരായ ഇന്ത്യ എയുടെ പരിശീലന മത്സരം.

 

എട്ട് മത്സരത്തില്‍ ബെഞ്ചിലിരുന്നശേഷം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലാണ് സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. നേരിട്ട ആദ്യ പന്തില്‍ സിക്സറടിച്ച സഞ്ജു രണ്ടാം പന്തില്‍ പുറത്തായിരുന്നു. എന്നാല്‍ വിക്കറ്റിന് പിന്നില്‍ മിന്നല്‍ സ്റ്റംപിംഗുമായി സഞ്ജു തിളങ്ങുകയും ചെയ്തു.