രോഹിത്തിന് പരമ്പരയില്‍ വിശ്രമം അനുവദിച്ചതിനാല്‍ കോലിക്ക് അനായാസം റെക്കോഡ് സ്വന്തമാക്കാം
ഗുവാഹത്തി: ഇന്ത്യ- ശ്രീലങ്ക ട്വി ട്വന്‍റി പരമ്പരയ്ക്ക് ഇന്ന് ഗുവാഹത്തില്‍ തുടക്കം. ആദ്യ ടി20 മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡുകളാണ്. ഒരു റണ്‍സെടുത്താല്‍ ട്വന്‍റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം കോലിയുടെ പേരിലാകും. നിലവില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഈ റെക്കോഡ് പങ്കിടുകയാണ് വിരാട് കോലി. ഇരുവരും 2633 റണ്‍സാണ് നേടിയിട്ടുള്ളത്. രോഹിത്തിന് പരമ്പരയില്‍ വിശ്രമം അനുവദിച്ചതിനാല്‍ കോലിക്ക് അനായാസം റെക്കോഡ് സ്വന്തമാക്കാം.
70 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി ഇത്രയും റണ്‍സ് സ്വന്തമാക്കിയത്. എന്നാല്‍ രോഹിത്തിന് 96 ഇന്നിങ്‌സുകള്‍ വേണ്ടി വന്നു. കഴിഞ്ഞ മാസം വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ടി20 പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു കോലി. ആദ്യ ടി20യില്‍ 50 പന്തില്‍ നിന്ന് മാത്രം 94 റണ്‍സാണ് കോലി നേടിയത്. മൂന്നാം മത്സരത്തില്‍ 29 പന്ത് മാത്രം നേരിട്ട താരം 70 റണ്‍സെടുത്തിരുന്നു.
ശ്രീലങ്കയ്‌ക്കെതിരെയും ഇതേ ഫോമില്‍ കളിച്ച് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് ഒരുങ്ങുകയാണ് കോലി. ബംഗ്ലാദേശ്, വിന്‍ഡീസ് എന്നീ ടീമുകളെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ട്വന്റി20 പരമ്പരകളില്‍ ഏറ്റമുട്ടിയപ്പോള്‍ ഇതുവരെ ഇന്ത്യയെ തോല്‍പിക്കാന്‍ ലങ്കയ്ക്കു സാധിച്ചിട്ടില്ല.
ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, നവ്ദീപ് സെയ്‌നി, ഷാര്‍ദൂല്‍ ഠാക്കൂര്‍, മനീഷ് പാണ്ഡെ, വാഷിങ്ടന്‍ സുന്ദര്‍, സഞ്ജു സാംസണ്‍.
