സഞ്ജു സാംസണെ ഓപ്പണറായും പരിഗണിക്കണമെന്ന നിര്‍ദേശം നൽകിയിട്ടുണ്ടെന്ന് ജയേഷ് ജോര്‍ജ് വെളിപ്പെടുത്തി. അടുത്ത സീസണിൽ കാര്യവട്ടത്ത് മത്സരം? ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്. 

തിരുവനന്തപുരം: കാര്യവട്ടം ട്വന്‍റി 20യിൽ ഓപ്പണറായും മലയാളി താരം സ‍ഞ്ജു സാംസണെ പരിഗണിക്കുമെന്ന് ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ്. അടുത്ത സീസണിൽ കാര്യവട്ടത്ത് ഏകദിന മത്സരം നടക്കാന്‍ സാധ്യതയുണ്ടെന്നും ജയേഷ് ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതിൽ വിരാട് കോലിയും രവി ശാസ്‌ത്രിയും അടങ്ങുന്ന ടീം മാനേജ്‌മെന്‍റിന്‍റേതാണ് അവസാനവാക്ക്. എന്നാല്‍ ബിസിസിഐ ടീം തെരഞ്ഞെടുപ്പിൽ ഇടപെടില്ലെങ്കിലും സഞ്ജു സാംസണെ ഓപ്പണറായും പരിഗണിക്കണമെന്ന നിര്‍ദേശം നൽകിയിട്ടുണ്ടെന്ന് ജയേഷ് ജോര്‍ജ് വെളിപ്പെടുത്തി. റൊട്ടേഷന്‍ നയം അനുസരിച്ച് അടുത്ത ഹോം സീസണിൽ ഒരു ഏകദിനം തിരുവനന്തപുരത്തിന് ലഭിക്കേണ്ടതാണെന്നും ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. 

"മികവുകൊണ്ടാണ് സഞ്ജു സാംസണ്‍ ടി20 ടീമിലെത്തിയത്. ഞാന്‍ സമ്മര്‍ദം ചൊലുത്തിയതുകൊണ്ടല്ല സഞ്ജുവിന്‍റെ ടീം പ്രവേശം. കേരളത്തിനായും ടി20യില്‍ രാജസ്ഥാന്‍ റോയല്‍സിനായും ഓപ്പണ്‍ ചെയ്ത് സഞ്ജുവിന് പരിചയമുണ്ട്. ഓപ്പണിംഗ് ബാറ്റ്സ്‌മാനായ ശിഖര്‍ ധവാന്‍ പരുക്കേറ്റ് കളിക്കാത്ത സാഹചര്യത്തില്‍ സഞ്ജുവിന് ആ സ്ഥാനം നികത്താനാകും എന്നാണ് പ്രതീക്ഷ"യെന്നും ജയേഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 

വെള്ളിയാഴ്‌ചയാണ് ഇന്ത്യ- വിന്‍ഡീസ് ടി20 പരമ്പരയ്‌ക്ക് തുടക്കമാകുന്നത്. ഞായറാഴ്‌ച രണ്ടാം ടി20ക്ക് തിരുവനന്തപുരം വേദിയാകും. സഞ്ജുവിനെ ഓപ്പണറാക്കണമെന്ന് താരത്തിന്‍റെ ആദ്യകാല പരിശീലകന്‍ ബിജു ജോര്‍ജ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. എന്നാല്‍ മുഷ്‌താഖ് അലി ട്രോഫിയില്‍ മിന്നും ഫോമിലായിരുന്ന കെ എല്‍ രാഹുലിനെ മറികടന്ന് വേണം സഞ്ജുവിന് സ്ഥാനംപിടിക്കാന്‍. 

നേരത്തെ ബംഗ്ലാദേശിനെതിരെ ടി20 ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. സ‍ഞ്ജുവിനെ കളിപ്പിക്കാത്തതില്‍ മുന്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ അന്ന് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.