സിഡ്നി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തെ കുറിച്ചുള്ള സൂചനകള്‍ പുറത്ത്. ഡിസംബര്‍ മൂന്നിന് ബ്രിസ്‌ബേനിലാണ് ആദ്യ ടെസ്റ്റ് നടക്കുക. അഡ്ലെയ്ഡ്, മെല്‍ബണ്‍, സിഡ്നി എന്നിവയായിരിക്കും മറ്റു ടെസ്റ്റുകളുടെ വേദികള്‍. ബോക്സിങ് ഡേ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. നാല് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ടെസ്റ്റും സിഡ്‌നിയില്‍ തന്നെ നടക്കും. ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- ഓസീസ് ഡേ-നൈറ്റ് ടെസ്റ്റിനു വേദിയാവുക അഡ്ലെയ്ഡായിരിക്കും. ഡിസംബര്‍ 11 മുതലായിരിക്കും പരമ്പരയിലെ ഏക പിങ്ക് ബോള്‍ ടെസ്റ്റ്.

ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ധാരണയിലെത്തിയതാണ് വിവരം. താരങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ഈയാഴ്ച പരമ്പരയെ കുറിച്ച് ഔദ്യോഗിക തിയതികള്‍ പുറത്തുവിടും. അതോടൊപ്പം സീസണിലെ മത്സരക്രമവും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിക്കും. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ തോത് കൂടിയില്‍ പരമ്പര മാറ്റിവെയ്ക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. 

പരമ്പരയില്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. അപ്പോഴത്തെ സാഹചര്യമനുസിരിച്ച് തീരുമാനമെടുക്കും. താരങ്ങള്‍ക്കു താമസിക്കാന്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. 2018-19 ഓസ്‌ട്രേലിയയില്‍ നടന്ന  പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയയില്‍ കൊവിഡ്-19 ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. എങ്കിലും രാജ്യത്തു ഇപ്പോഴും യാത്രാനിയന്ത്രണം തുടരുകയാണ്.